കോഴിക്കോട്: പലസ്തീൻ ജനതക്ക് ഐക്യദാർഢ്യം അറിയിച്ച് മുസ്ലീം ലീഗ് സംഘടിപ്പിക്കുന്ന റാലി ഇന്ന്. പലസ്തീന് ഐക്യദാർഢ്യവുമായി ഇന്ത്യയിൽ നടക്കുന്ന ഏറ്റവും വലിയ റാലിയായിരിക്കും കോഴിക്കോട് കടപ്പുറത്ത് നടക്കുന്നതെന്ന് മുസ്ളീം ലീഗ് ഭാരവാഹികൾ അറിയിച്ചു. വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന പ്രതിഷേധ പരിപാടി മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ഡോ. ശശി തരൂർ എം.പി മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ ദേശീയ, സംസ്ഥാന നേതാക്കൾ പ്രസംഗിക്കും. റാലിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസങ്ങളിൽ വിപുലമായ ഒരുക്കങ്ങളാണ് നടന്നത്. ശാഖാ തലങ്ങളിൽ വിളംബര ജാഥകൾ നടന്നു. ജില്ല, മണ്ഡലം, പഞ്ചായത്ത് കമ്മിറ്റികളും പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. വാഹനത്തിൽനിന്ന് നിർദേശിക്കപ്പെട്ട സ്ഥലത്ത് ഇറങ്ങി ചെറു പ്രകടനങ്ങളായാണ് പ്രവർത്തകർ കടപ്പുറത്തേക്ക് എത്തിച്ചേരുക. ലോക മനസ്സാക്ഷി മരവിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഈ റാലിയിലൂടെ ലക്ഷ്യമിടുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലോകത്ത് നടക്കുന്ന ഏറ്റവും വലിയ ഐക്യദാർഢ്യ റാലികളിലൊന്നായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
