കാസര്‍കോട്: ചെറുവത്തൂരില്‍ ബിവറേജസ് കോര്‍പ്പറേഷന്റെ ഡീലക്‌സ് ഔട്ട്‌ലറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനില്‍ക്കെ ബാറുടമയില്‍നിന്ന് പാര്‍ട്ടി പ്രവര്‍ത്തന ഫണ്ടിലേക്ക് അരല ക്ഷം രൂപ സംഭാവന സ്വീകരിച്ച സംഭവത്തില്‍ സി.പി.എം. ചെറുവത്തൂര്‍ ലോക്കല്‍ കമ്മറ്റിയിലെ മൂന്ന് അംഗങ്ങള്‍ക്കെതിരെ നടപടിക്ക് സാധ്യതയേറി. 50,000 രൂപയാണ് ബാര്‍ ഉടമയില്‍ നിന്ന് സംഭാവനയായി കൈപ്പറ്റിയത്. എന്നാല്‍ ഇക്കാര്യം ഏരിയ കമ്മിറ്റിയുടെയോ ജില്ലാ കമ്മിറ്റിയുടെയോ അനുമതിയോടെയല്ലെന്നാണ് വിവരം. പാര്‍ട്ടി ഫണ്ടിലേക്ക് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നതില്‍ പരമാവധി തുക 5000 രൂപയാണ്. അതില്‍ കൂടുതല്‍ വാങ്ങണമെങ്കില്‍ മേല്‍ഘടകങ്ങളുടെ അനുമതിയോടെ വേണം. അതിനിടേയാണ് ഈ ഫണ്ട് സ്വീകരിച്ച സംഭവം പാര്‍ടിക്കുള്ളില്‍ വിവാദമാകുന്നത്. ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നതിനിടേയാണ് ഈ സംഭവം നടന്നത്. ഇതേ തുടര്‍ന്ന് രണ്ടു ബ്രാഞ്ചു കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഔട്ട്‌ലറ്റിനെതിരെ പ്രതിഷേധം ഉയര്‍ത്തിയതോടെ ബിവറേജസ് കോര്‍പ്പറേഷന്റെ ഡീലക്‌സ് ഔട്ട്‌ലറ്റ് സ്ഥാപിക്കാനുള്ള നീക്കം പാര്‍ടി തന്നെ മരവിപ്പിക്കുകയായിരുന്നു.
എല്‍.ഡി.എഫിന്റെയും സി.പി.എമ്മിന്റെയും പ്രഖ്യാപിത നയത്തിന്റെ ഭാഗമായിട്ടാണ് ചെറുവത്തൂരില്‍ ഡീലക്‌സ് ഔട്ട്‌ലറ്റ് സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ചെറുവത്തൂരില്‍ ബിവറേജസ് ഔട്ട്‌ലറ്റ് സ്ഥാപിക്കണമെന്ന പക്ഷത്താണ് ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷാതൊഴിലാളികളും ടൗണിലെ വലിയൊരു വിഭാഗം വ്യാപാരികളും. അതിനിടെ ഒരുസംഘം പാര്‍ടി പ്രവര്‍ത്തകര്‍ ഔട്ട്‌ലറ്റ് സ്ഥാപിക്കുന്നതിനെതിരെ പ്രകടനം നടത്തിയപ്പോള്‍ പാര്‍ടി തന്നെ അവര്‍ക്ക് താക്കീത് നല്‍കിയിരുന്നു. ഇനി ചെറുവത്തൂരില്‍ ഔട്ട്‌ലറ്റ് വരില്ലെന്നാണ് ഒടുവില്‍ കിട്ടുന്ന വിവരം. ഇക്കാര്യം ഒരു ജനപ്രതിനിധി തന്നെ പ്രവര്‍ത്തകരെ അറിയിച്ചുകഴിഞ്ഞുവെന്നാണ് വിവരം. സംഭാവന സ്വീകരിക്കുന്നതിലെ വീഴ്ചയില്‍ ലോക്കല്‍ സെക്രട്ടറിക്കും അംഗങ്ങള്‍ക്കുമെതിരെ പാര്‍ട്ടി നടപടിയുണ്ടാകുമെന്നാണ് സൂചന.
