ആറു കേസുകളില്‍ പ്രതിയായതിന്റെ പേരില്‍ പിരിച്ചുവിട്ടു; മദ്യലഹരിയില്‍ സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പൊലീസുകാരന്റെ പരാക്രമം

കണ്ണൂര്‍: മദ്യലഹരിയില്‍ സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പൊലീസുകാരുടെ ഡ്യൂട്ടി തടസപ്പെടുത്തുകയും വാഹനം തകര്‍ക്കുകയും ചെയ്ത ആറോളം കേസില്‍ പ്രതിയായി സേനയില്‍ നിന്ന് പിരിച്ചുവിട്ട പൊലീസുകാരന്‍ അറസ്റ്റില്‍. ചെങ്ങളായി നെടിയേങ്ങ സ്വദേശി ടി.വി.പ്രദീപനെ(47)യാണ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഏ.വി.ദിനേശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. തിങ്കളാഴ്ച വൈകുന്നേരം 6.15 ഓടെ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലായിരുന്നു സംഭവം. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീയുമായി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ സംസാരിക്കുന്നതിനിടെ മദ്യലഹരിയില്‍ സ്റ്റേഷനിലെത്തിയ പ്രതി പരാക്രമം നടത്തുകയായിരുന്നു. അക്രമാസക്തനായ പ്രതി പൊലീസുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തുകയും കോമ്പൗണ്ടില്‍ നിര്‍ത്തിയിട്ട ജീപ്പിന്റെ ഗ്ലാസ് ചവിട്ടി തകര്‍ത്തു. സ്റ്റേഷന്‍ എസ്.എച്ച്.ഒ യുടെ പരാതിയില്‍ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. നേരത്തെ കാഞ്ഞങ്ങാട് സൗത്തില്‍ സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്ത് അതിക്രമം കാണിച്ചതിനും കണ്ണൂരില്‍ വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറിയതിനും ഉള്‍പ്പെടെ ആറു കേസുകളില്‍ പ്രതിയാണ്. ഇക്കാരണങ്ങളാല്‍ പൊലീസ് സേനയില്‍ നിന്നും ആഗസ്ത് 9 ന് പൊലീസ് ആസ്ഥാനത്തെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. തിങ്കളാഴ്ച തളിപ്പറമ്പ് സ്റ്റേഷനിലെ സംഭവത്തോടെ ഇയാള്‍ക്കെതിരെയുള്ള കേസുകളുടെ എണ്ണം ഏഴായി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page