റാഫ അതിര്‍ത്തി തുറന്നു; ഗാസയിലേക്ക് സഹായവുമായി എത്തിയ ട്രക്കുകള്‍ കടത്തി തുടങ്ങി

ഗാസാ: മാനുഷിക സഹായമെത്തിക്കുന്നതിനായി ട്രക്കുകള്‍ കടന്നു പോകാന്‍ വേണ്ടി റാഫ അതിര്‍ത്തി തുറന്നു. മരുന്നുകളും അവശ്യവസ്തുക്കളുമടങ്ങിയ ആദ്യ ട്രക്ക് റഫാ അതിര്‍ത്തി കടന്നുപോയി. കൂടുതല്‍ ട്രക്കുകള്‍ നീങ്ങി തുടങ്ങിയിരിക്കുകയാണ്. റഫ അതിര്‍ത്തി വഴി സഹായ ഉല്‍പന്നങ്ങളുമായി ഇരുപത് ട്രക്കുകള്‍ ഇന്ന് ഗസ്സയിലേക്ക് നീങ്ങുമെന്ന് നേരത്തെ വാര്‍ത്തയുണ്ടായിരുന്നു. ദിവസങ്ങളായി ഉപരോധത്തിലമര്‍ന്ന ഗസ്സയിലേക്ക് ഇരുപത് ട്രക്കുകള്‍ മാത്രമെത്തിയത് കൊണ്ട് ഒന്നുമാകില്ലെന്നാണ് നിരീക്ഷണം. മരുന്നും വെള്ളവും ഭക്ഷണവും ഇല്ലാതായതോടെ ഗസ്സ ശരിക്കും ദുരന്തമുഖത്താണ്. പല ആശുപത്രികളും അടച്ചതോടെ പ്രതിസന്ധി സങ്കീര്‍ണമാണ്. അതേസമയം, റഫാ അതിര്‍ത്തിയിലൂടെ ഗസ്സയില്‍ കുടുങ്ങിയ വിദേശികളെ ഒഴിപ്പിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. അതേസമയം, ഗസ്സക്ക് ഉടന്‍ ഇന്ധനം കൈമാറണമെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് ആവശ്യപ്പെട്ടു. ഇപ്പോള്‍ വന്ന ട്രക്ക് ഉത്പന്നങ്ങള്‍ ദുരിതക്കടലിലേക്കുള്ള ഒരു തുള്ളി മാത്രമാണെന്നും ആവശ്യം കടലോളമാണെന്നും സന്നദ്ധ സംഘടനകള്‍ പറഞ്ഞു. പ്രാദേശിക സമയം രാവിലെ പത്ത് മണിയോടെ ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റാഫ അതിര്‍ത്തി തുറന്നുവെന്ന വിവരം ലഭിച്ചതായി ജെറുസലേമിലുള്ള യു.എസ്. എംബസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page