വയനാട്: സുല്‍ത്താന്‍ ബത്തേരി ചെതലയത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. പുത്തന്‍പുരയ്ക്കല്‍ ഷാജു ആണ് ജീവനൊടുക്കിയത്. ഇയാളുടെ ഭാര്യ ബിന്ദു, മകന്‍ ബേസില്‍ എന്നിവരെയും മരിച്ച നിലയില്‍ കണ്ടെത്തി. ഇരുവരുടെയും മൃതദേഹങ്ങളില്‍ മാരകായുധം കൊണ്ട് വെട്ടിയ പാടുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഷാജുവിനെ വീടിന്റെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചേയാണ് സംഭവമെന്ന് കരുതുന്നു.യുകെയിലുള്ള ഇവരുടെ മകള്‍ ഇന്നു രാവിലെ ഫോണില്‍ വിളിച്ചപ്പോള്‍ അമ്മയെ കിട്ടാതിരുന്നതോടെയാണ് വിവരം പുറത്തറിയുന്നത്. ഷാജുവും ഭാര്യയും തമ്മില്‍ കുടുംബ്രപ്രശ്‌നമുണ്ടായിരുന്നു. ഷാജു വീട്ടിലേക്ക് വരരുതെന്ന കോടതി ഉത്തരവുണ്ടായിരുന്നെന്നാണ് സൂചന. എന്നാല്‍ ഇത് ലംഘിച്ച് കഴിഞ്ഞ ദിവസം ഷാജു വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെ ബന്ധുക്കള്‍ ബിന്ദുവിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
