പാലക്കാട് : വാൽപാറയിൽ വിനോദ സഞ്ചാരത്തിനെത്തിയ കോളജ് വിദ്യാർഥികളുടെ സംഘത്തിലെ 5 പേർ മുങ്ങിമരിച്ചു. ഷോളയാർ എസ്റ്റേറ്റിനടുത്തുള്ള പുഴയിലാണ് അപകടം സംഭവിച്ചത്. കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളാണ് മരിച്ച വിദ്യാര്‍ഥികള്‍.കോയമ്പത്തൂരിലെ സ്വകാര്യ കോളജിൽ വിദ്യാർഥികളായ ശരത്, അജയ്, നാഫില്‍, വിനീത്, ധനുഷ് എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പത്തംഗ സംഘമാണ് ഇവിടെയെത്തിയത്. ഈ സംഘത്തിലെ അഞ്ച് പേരാണ് കുളിക്കാനിറങ്ങിയത്. പുഴയിലെ ചുഴിയിൽ ഒരാൾ അകപ്പെട്ടതോടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടത്തിൽപ്പെട്ടയാളെ രക്ഷിക്കാനിറങ്ങിയ മറ്റു നാലു പേർ കൂടി ഒഴുക്കിൽപ്പെടുകയായിരുന്നു.അപകടം നടന്നതിനു പിന്നാലെ സംഘത്തിലെ ശേഷിക്കുന്നവരാണ് നാട്ടുകാരെ വിവരം അറിയിച്ചത്. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്കു മാറ്റി.