കാസര്‍കോട്: മൊബൈല്‍ ഫോണ്‍ വാങ്ങികൊടുക്കാത്തതിനെ തുടര്‍ന്ന് ബിരുദ വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. മഞ്ചേശ്വരം, കണ്വതീര്‍ത്ഥ സ്വദേശി പ്രവാസി നിരഞ്ജന്റെ മകന്‍ നിഹാല്‍ (18) ആണ് ജീവനൊടുക്കിയത്. മംഗളൂരുവിലെ സ്വകാര്യ കോളേജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. കഴിഞ്ഞ ദിവസം കോളേജില്‍ നിന്നു വീട്ടിലെത്തിയതിനുശേഷം മൊബൈല്‍ ഫോണ്‍ പുതിയത് വാങ്ങിത്തരണമെന്ന് വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇതിനു അനുകൂലമായ മറുപടി ആരും നല്‍കിയില്ല. ഈ മനവിഷമത്തെ തുടര്‍ന്ന് കിടപ്പുമുറിയില്‍ കയറി വാതില്‍ അടയ്ക്കുകയായിരുന്നുവെന്നു പറയുന്നു. ആറുമണിയായിട്ടും വാതില്‍ തുറന്നില്ല. സംശയം തോന്നിയ മാതാവ് ലത അയല്‍വാസികളുടെ സഹായത്തോടെ വാതില്‍ ബലമായി തുറന്നു അകത്തു കടന്നപ്പോഴാണ് സാരി ഉപയോഗിച്ച് ഫാനില്‍ തൂങ്ങിയ നിലയില്‍ നിഹാലിനെ കണ്ടത്. ഉടന്‍ തന്നെ തൊക്കോട്ടെയും പിന്നീട് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തലപ്പാടിയിലെത്തിച്ച് പൊതുദര്‍ശനത്തിനു വച്ചു. പിന്നീട് മാതാവിന്റെ ഉഡുപ്പിയിലെ വീട്ടില്‍ എത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു. നിഖില്‍ ഏക സഹോദരനാണ്. മരണത്തില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
