സ്വവർഗ്ഗാനുരാഗികൾക്ക് നിരാശ;രാജ്യത്ത് സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീം കോടതി; അഞ്ച് അംഗ ബെഞ്ചിൽ സ്വവർഗ്ഗ വിവാഹത്തെ അനുകൂലിച്ചത് 2 പേർ മാത്രം
ന്യൂഡൽഹി: രാജ്യത്ത് സ്വവർഗ്ഗ വിവാഹത്തിന് സാധുതയില്ലെന്ന് സുപ്രീം കോടതി.സ്വവർഗ്ഗ വിവാഹങ്ങൾ നിയമപരമാക്കണമെന്ന ഹർജി 3 ജസ്റ്റിസുമാരുടെ വിയോജിപ്പോടെ സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും, ജസ്റ്റിസ് കൗളുമാണ് സ്വവർഗ്ഗ വിവാഹം ആകാം എന്നതിനോട് യോജിച്ചത്.ബഞ്ചിലെ മറ്റ് മൂന്ന് ജഡ്ജിമാർ ആവശ്യം തള്ളി. ജസ്റ്റിസുമാരായ ഹിമ കോഹ്ലി, രവീന്ദ്ര ഭട്ട്, പി.എസ് നരസിംഹ എന്നിവർ സ്വവർഗ്ഗ വിവാഹത്തോട് വിയോജിച്ചു.ഇതുമായി ബന്ധപ്പെട്ട് ഏറെ വാദ പ്രതിവാദങ്ങൾ ബഞ്ചിൽ നടന്നു. വിവാഹം എല്ലാക്കാലത്തും മാറ്റമില്ലാതെ തുടരുന്ന ഒരു സ്ഥാപനമാണെന്ന് പറയുന്നത് അബദ്ധമായിരിക്കുമെന്ന് സ്വവർഗ്ഗ വിവാഹം അനുവദിക്കുന്നത് സംബന്ധിച്ച കേസിൽ തന്റെ വിധി വായിക്കവെ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് പറഞ്ഞു. വിവാഹമെന്ന സ്ഥാപനത്തിൽ നിരവധി മാറ്റങ്ങൾ നിയമംമൂലം വരുത്തിയിട്ടുണ്ട്. സ്പെഷ്യൽ മാര്യേജ് നിയമത്തിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ അക്കാര്യം നിശ്ചയിക്കേണ്ടത് പാർലമെന്‍റാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സ്പെഷ്യൽ മാര്യേജ് നിയമങ്ങളിൽ മാറ്റം വരുത്താൻ പാർലമെന്‍റ് തീരുമാനമെടുക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.