വിവാഹമോചനം ആവശ്യപ്പെടാന്‍ അതിവിചിത്രമായ കാരണങ്ങൾ; അഭിഭാഷക പങ്കുവെച്ച വിവാഹമോചനത്തിനുള്ള കാരണങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ
മുംബൈ: താന്യ അപ്പച്ചു കൗൾ എന്ന മുംബൈ ആസ്ഥാനമായുള്ള അഭിഭാഷക അടുത്തിടെ വിവാഹമോചനം തേടുന്നതിന്റെ അസാധാരണമായ കാരണങ്ങളെക്കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വെളിപ്പെടുത്തിയത് വൈറൽ ആയിരിക്കുകയാണ്. വിവാഹ മോചനത്തിന് ചില കാരണങ്ങൾ സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവമാണ് പ്രതിഫലിപ്പിക്കുന്നതെങ്കിൽ തീർത്തും വിചിത്രമായി മറ്റു കാരണങ്ങളും ഉണ്ടെന്ന് ഇവർ പറയുന്നു.യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ഭർത്താവ് തനിക്ക് വേണ്ടത്ര സമയം നൽകുന്നില്ലെന്ന് തോന്നിയതിനാലാണ് ഒരു സ്ത്രീ വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് കൗൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ഹണിമൂൺ സമയത്ത് തന്റെ വസ്ത്രധാരണം ഭർത്താവ് അശ്ലീലമായി കണക്കാക്കുന്നുവെന്ന് വിശ്വസിച്ചതിനാൽ മറ്റൊരു സ്ത്രീ വിവാഹമോചനത്തിന് അപേക്ഷ നൽകി.ഭർത്താവ് വളരെയധികം സ്നേഹവും വാത്സല്യവും നൽകുന്നു, വഴക്കിടാറില്ല എന്ന് ആരോപിച്ച് മറ്റൊരു ഭാര്യ രംഗത്തെത്തിയതായും, ഭാര്യ തന്റെ പാദങ്ങളിൽ തൊട്ടു അനുഗ്രഹം വാങ്ങാന്‍ വിസമ്മതിക്കുന്നു എന്ന് മറ്റൊരു ഭർത്താവ് കാരണം പറയുന്നു. തന്റെ ഭാര്യക്ക് പാചകം ചെയ്യാനറിയില്ലെന്നും അതുകൊണ്ട് പ്രഭാതഭക്ഷണം കഴിക്കാതെ ജോലിക്ക് പോകേണ്ടി വരുന്നു എന്നും മറ്റൊരു പുരുഷൻ ചൂണ്ടിക്കാട്ടി. കൗളിന്റെ വൈറലായ ഇൻസ്റ്റാഗ്രാം റീലിലാണ് ഈ സംഭവങ്ങൾ ഹൈലൈറ്റ് ചെയ്യപ്പെട്ടത്. എന്തിന് വിവാഹം കഴിക്കണം എന്നായിരുന്നു പോസ്റ്റിന്റെ അടിക്കുറിപ്പ്. കൗളിന്റെ റീലിന് 100,000 ലൈക്കുകളും 1.6 ദശലക്ഷം കാഴ്ചക്കാരെയും ലഭിച്ചിട്ടുണ്ട്