കണ്ണൂർ: കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് പൊലീസ് ജീപ്പ് ഇടിച്ചുകയറി അപകടം. നഗരത്തിൽ കാൽടെക്സ് ജംഗ്ഷനിലെ പെട്രോൾ പമ്പിലേക്കാണ് പൊലീസിന്‍റെ ബെലോറോ ജീപ്പ് ഇടിച്ച് കയറിയത്. പമ്പിലുണ്ടായിരുന്ന ഇന്ധനം നിറച്ച് കഴിഞ്ഞ കാർ ഇടിച്ചു പൊലീസ് വാഹനം തെറിപ്പിച്ചു.ജീവനക്കാർ ഓടി മാറിയതിനാൽ ജീവാപായം ഒഴിവായി. പമ്പിലെ യന്ത്ര സാമഗ്രികൾക്കും അപകടത്തിൽ കേടുപാടുകൾ സംഭവിച്ചു.അപകടം ഉണ്ടായതിന് പിന്നാലെ പൊലീസുകാർ സ്ഥലത്ത് നിന്ന് മുങ്ങിയതായി ജീവനക്കാർ പറഞ്ഞു.രണ്ട് പൊലീസുകാരാണ് വാഹനത്തിലുണ്ടായിരുന്നത്. ഇരുവരും യൂണിഫോമിലായിരുന്നില്ല. ഇടിച്ചു കയറിയ വാഹനം തുരുമ്പെടുത്ത നിലയിലുള്ളതാണ്.ബമ്പർ പ്ലാസ്റ്റിക് കയറുകൊണ്ട് കെട്ടിവച്ച നിലയിലായിരുന്നു.വാഹനത്തിന് ഇൻഷൂറൻസും ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകളുണ്ട്.അപകട വിവരം സ്റ്റേഷനിൽ അറിയിച്ചിട്ടും വളരെ വൈകിയാണ് പൊലീസ് സ്ഥലത്ത് എത്തിയതെന്നും ദൃക്സാക്ഷികൾ ആരോപിച്ചു.അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാൽ മാത്രമേ അപകടത്തിന്‍റെ യഥാർത്ഥ കാരണം വ്യക്തമാവൂ എന്ന് പൊലീസ് പറഞ്ഞു.
