തൃശ്ശൂർ: തൃശ്ശൂർ പുത്തൂരിൽ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ നാല് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു.മണലിപ്പുഴ കൈനൂർ ചിറയിൽ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥികളാണ് മരിച്ചത്.തൃശ്ശൂർ സെന്‍റ് തോമസ് കോളേജിലെ 3 വിദ്യാർത്ഥികളും സെന്‍റ് അലോഷ്യസ് കോളേജിലെ ഒരു വിദ്യാർത്ഥിയുമാണ് അപകടത്തിൽപ്പെട്ടത്.സെന്‍റ് തോമസ് കോളേജ് വിദ്യാർത്ഥികളായ അർജ്ജുൻ അലോഷ്യസ്,നിവേദ് കൃഷ്ണ, സിയാദ് ഹുസൈൻ എന്നിവരും എൽതുരുത്ത് സെന്‍റ് അലോഷ്യസ് കോളേജില അബി ജോണുമാണ് മരിച്ചത്.സംഘമായി ചിറ കാണാനെത്തി കുളിക്കാനിറങ്ങിയപ്പോൾ കയത്തിൽപ്പെട്ടാണ് അപകടമുണ്ടായത്.കയത്തിൽപ്പെട്ട ഒരാളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ മൂന്ന് പേരും മുങ്ങുകയായിരുന്നു.ഉച്ച തിരിഞ്ഞ് രണ്ടരയോടെയാണ് അപകടമുണ്ടായത്.നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്.4 പേരുടെയും മൃതദേഹങ്ങൾ പുറത്തെടുത്ത് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.വിവരമറിഞ്ഞ് വൻ ജനാവലിയാണ് സംഭവസ്ഥലത്ത് തടിച്ച് കൂടിയത്.മഴയായതിനാൽ ചിറയിൽ നിറയെ വെള്ളം നിറഞ്ഞ് കിടന്നതും വിദ്യാർത്ഥികൾക്ക് മേഖല പരിചയമില്ലാത്തതും അപകടത്തിന് കാരണമായി പൊലീസ് സ്ഥിരീകരിക്കുന്നുണ്ട്.