പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കെ.എസ്.ആർ.ടി.സിക്ക് ആശ്വാസമായി ഗ്രാമവണ്ടി സർവ്വീസ്: ഇന്ധന ചിലവ് പഞ്ചായത്ത് വഹിക്കും;കുമ്പളയിൽ ആദ്യ ഗ്രാമവണ്ടി ഓടിതുടങ്ങി
കാസര്‍കോട്: ജില്ലയിലെ യാത്രക്ലേശത്തിന് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ഗ്രാമവണ്ടി സർവ്വീസുകൾക്ക് കുടക്കം. കുമ്പളയിലാണ് കെ.എസ്.ആർ.ടി.സിയുടെ ആദ്യ ഗ്രാമവണ്ടി സർവ്വീസ് തുടങ്ങിയത്. ഗതാഗത മന്ത്രി ആന്റണി രാജു ഉദ്‌ഘാടനം ചെയ്‌തു. കുമ്പള പഞ്ചായത്തും കെ. എസ്. ആര്‍. ടി. സിയും ചേര്‍ന്നാണ് ഗ്രാമവണ്ടി സര്‍വ്വീസ് നടത്തുന്നത്. ബസിന്റെ ഡീസല്‍ ചെലവു പൂർണ്ണമായും പഞ്ചായത്ത് വഹിക്കും. സമയക്രമവും പഞ്ചായത്താണ് തീരുമാനിക്കുക. ടിക്കറ്റ് വിറ്റു കിട്ടുന്ന പണം കെ.എസ്.ആര്‍.ടി.സിക്കാണ്. വാഹന സര്‍വ്വീസില്ലാത്ത പഞ്ചായത്തിലെ റോഡുകളിലൂടെയാണ് ഗ്രാമവണ്ടി ഓടുക. റൂട്ട് നിശ്ചയിക്കുന്നതും പഞ്ചായത്താണ്.യാത്ര ക്ലേശം നേരിടുന്ന സ്ഥലങ്ങൾ നോക്കിയാണ് റൂട്ട് നിശ്ചയിക്കുക. ബസ്സ് ഉദ്ഘാടന ചടങ്ങിൽ എ.കെ.എം അഷ്‌റഫ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ ജനപ്രതിനിധികളും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു.2023- 2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 15 ലക്ഷം രൂപ ഗ്രാമവണ്ടിക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുണ്ട്. ജില്ലാ ആസൂത്രണ സമിതിയുടെ അംഗികാരം ലഭിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടാല്‍ 30 ദിവസത്തിനുള്ളില്‍ ഗ്രാമവണ്ടി സര്‍വ്വീസ് ഏര്‍പ്പെടുത്തുമെന്നു മന്ത്രി പറഞ്ഞു. പഞ്ചായത്തിനു പുറമെ നാട്ടുകാര്‍ക്കും ഗ്രാമവണ്ടിക്കു ഡീസല്‍ നൽകാമെന്നും മന്ത്രി പറഞ്ഞു. ഇന്ധന പ്രതിസന്ധികൊണ്ട് വലയുന്ന കെ.എസ്.ആർ.ടി.സിക്ക് താത്കാലിക ആശ്വാസമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ചിലവ് വഹിക്കുന്ന ഗ്രാമവണ്ടി സർവ്വീസുകൾ.