നടൻ ഷിയാസ് കരീമിന് ആശ്വാസം;ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി; ജാമ്യം ലഭിച്ചത് കേരളാ പൊലീസ് അറസ്റ്റിനൊരുങ്ങവെ
കൊച്ചി: പീഡനക്കേസിൽ ചെന്നൈയിൽ കസ്റ്റഡിയിലായ നടനും സോഷ്യൽ മീഡിയാ താരവുമായ ഷിയാസ് കരീമിന് ആശ്വാസം.ഷിയാസിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി ഉപാധികളോടെ വിടാമെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്. യുവതിയുടെ പരാതി അടിസ്ഥാന രഹിതമാണെന്ന് കാണിച്ച് സമർപ്പിച്ച അപേക്ഷയിലാണ് കോടതി ജാമ്യം അനുവദിച്ചത്.ചെന്നൈ വിമാനത്താവളത്തിൽ കസ്റ്റംസിന്‍റെ കസ്റ്റഡിയിലായ ഷിയാസിനെ അറസ്റ്റ് ചെയ്യാൻ കാസർകോട് ചെന്തേര പൊലീസ് പുറപ്പെട്ടിരുന്നു.അതിനിടെയാണ് ജാമ്യം ലഭിച്ചത്.വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന 32കാരിയുടെ പരാതിയിലായിരുന്നു ഷിയാസിനെതിരെ കേസ്സെടുത്തത്. ജിംനേഷ്യത്തിലെ പരിശീലകയായിരുന്നു പരാതിക്കാരി.കാസർകോട് പടന്ന സ്വദേശിനിയാണ് ഇവർ. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കൊച്ചിയിലും, മൂന്നാറിലും കൊണ്ട് പോയി പീഡിപ്പിച്ചെന്നും 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നും യുവതി പരാതിപ്പെട്ടിരുന്നു.രണ്ട് തവണ ഗർഭിണിയായെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയതായും യുവതി പരാതിയിൽ പറഞ്ഞിരുന്നു.എന്നാൽ യുവതിയുമായി ഉണ്ടായിരുന്ന ബന്ധത്തിൽ നിന്ന് പിന്മാറിയതിനെതുടർന്ന് വിരോധം തീർക്കുകയാണെന്നായിരുന്നു ഷിയാസിന്‍റെ വാദം.