നിയന്ത്രണം വിട്ട കാര്‍ ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; അമ്മയും നവജാത ശിശുവും വെന്തുമരിച്ചു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് പിതാവും മൂത്തമകളും
ബംഗളൂരു: കാര്‍ ട്രക്കുമായി കൂട്ടിയിടച്ച് നവജാത ശിശുവും അമ്മയും വെന്തുമരിച്ചു. പിതാവും മറ്റൊരു മകളും അപകടത്തില്‍ നിന്ന് പരിക്കുകളുമായി രക്ഷപ്പെട്ടു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബംഗളുരു നൈസ് റോഡിലായിരുന്നു അപകടം. തമിഴ് നാട് സ്വദേശിനിയും ബംഗളൂരു രാമനഗറില്‍ താമസക്കാരിയുമായ സിന്ധുവും മകളുമാണ് മരിച്ചത്. സോംപുരയ്ക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചേ നാലിനായിരുന്നു അപകടം. കാര്‍ പൂര്‍ണമായി കത്തി നശിച്ചു. കാറോടിച്ചിരുന്നത് സിന്ധുവിന്റെ ഭര്‍ത്താവ് മഹേന്ദ്രനായിരുന്നു. മൈസൂരില്‍ നിന്ന് കനകപുരയിലേക്ക് വരുമ്പോഴായിരുന്നു അപകടം. നിയന്ത്രണം തെറ്റിയ കാര്‍ ട്രക്കുമായി കൂട്ടിയിടച്ചതിന് പിന്നാലെ മതിലിലിടിച്ച് തലകീഴായി മറഞ്ഞ് തീപിടിക്കുകയായിരുന്നു. മഹേന്ദ്രനും മൂത്തമകളും കാറില്‍ നിന്ന് പുറത്തിറങ്ങിയെങ്കിലും സിന്ധുവും ഇളയമകളും കാറില്‍ കുടുങ്ങിപ്പോയി. നിയന്ത്രണം തെറ്റിയ ട്രക്കും റോഡിന് വശത്ത് കരണംമറിഞ്ഞു. കുടുംബത്തോടൊപ്പം നാഗസാന്ദ്ര സന്ദര്‍ശിക്കാന്‍ കാര്‍ വാടകയ്ക്കെടുത്തതായിരുന്നു മഹേന്ദ്രന്‍. തമിഴ്‌നാട് സ്വദേശിയായ ഇയാള്‍ ബെംഗളൂരുവിലെ രാമമൂര്‍ത്തി നഗറിനടുത്തുള്ള വിജിനപുരയിലാണ് താമസം. മൃതദേഹങ്ങള്‍ കിംസ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന് കാരണം ഡ്രൈവര്‍ ഉറങ്ങി പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. തലഘട്ടപുര ട്രാഫിക് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.