വിമാന യാത്രക്കിടെ ശ്വാസ തടസ്സം ; കുഞ്ഞിൻ്റെ രക്ഷക്കെത്തിയത് സഹ യാത്രികരായ ഡോക്ടർമാർ
വെബ് ഡെസ്ക്: റാഞ്ചിയില്‍ നിന്ന് ഡൽഹിയിലേക്ക് ഉള്ള ഇൻഡിഗോ വിമാനത്തിൽ യാത്രക്കിടെ ജന്മനാ ഹൃദ്രോഗമുള്ള കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ടപ്പോൾ രക്ഷക്കെത്തിയത് സഹയാത്രികരായ 2 ഡോക്ടർമാർ. ഐഎഎസ് ഓഫീസറും ഡോക്ടറുമായ നിതിൻ കുൽക്കർണിയും റാഞ്ചി സദർ ഹോസ്പിറ്റലിലെ ഡോ മൊസാമിൽ ഫിറോസുമാണ് കുട്ടിയെ രക്ഷിച്ചത്. മുതിർന്നവർക്കുള്ള മാസ്കുപയോഗിച്ച് ഓക്സിജൻ നല്‍കുകയും മറ്റ് മരുന്നുകൾ ഉപയോഗിച്ച് അടിയന്തര വൈദ്യസഹായം നല്‍കുകയും ചെയ്തു.
ഒരു മണിക്കൂറിന് ശേഷം വിമാനം ലാൻഡ് ചെയ്‌ത ഉടനെ മെഡിക്കൽ സംഘം കുഞ്ഞിനെ അവരുടെ സംരക്ഷണയിലാക്കി.
കുഞ്ഞിന്റെ ഹൃദ്രോഗ ചികിത്സയ്ക്കായി മാതാപിതാക്കൾ ഡൽഹി എയിംസിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ശനിയാഴ്ച, വിമാനം ഉയർന്ന് ഇരുപത് മിനിറ്റിനുള്ളിൽ ശ്വാസ തടസ്സം അനുഭവപ്പെടുന്ന ഒരു കുഞ്ഞിന് അടിയന്തര വൈദ്യസഹായം അഭ്യര്‍ത്ഥിച്ച് വിമാനത്തിലെ സ്റ്റാഫ് അറിയിപ്പ് നൽകുകയായിരുന്നു.
കുഞ്ഞ് ശ്വാസം കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ട് അമ്മ കരയുമ്പോൾ താനും ഡോക്ടർ മൊസമ്മിലും കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുത്തതായി ഡോ. നിതിൻ കുൽക്കർണി പറഞ്ഞു.ബേബി മാസ്‌ക്കോ, ക്യാനുലയോ ലഭ്യമല്ലാത്തതിനാൽ മുതിർന്നവർക്കുള്ള മാസ്‌ക് വഴിയാണ് ഓക്‌സിജൻ നൽകിയത്. മെഡിക്കൽ രേഖകൾ പരിശോധിച്ചതിനെ തുടർന്ന് പേറ്റന്റ് ഡക്‌ടസ് ആർട്ടീരിയോസസ് (പിഡിഎ) എന്ന അപകടകരമായ ഹൃദ്രോഗമാണ് കുഞ്ഞിന് എന്ന് മനസ്സിലാക്കി. വിമാനത്തിലെ മരുന്ന് കിറ്റിൽ നിന്ന് തിയോഫിലിൻ കുത്തിവയ്പ്പ് നൽകി, മാതാപിതാക്കൾ ഡെക്‌സോണ എന്ന കുത്തിവയ്പ്പ് കയ്യിൽ കരുതിയിരുന്നതിനാല്‍ വളരെ സഹായകരമായി. ഓക്സിജനും ഹൃദയമിടിപ്പും സ്റ്റെതസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിച്ച് കൊണ്ടേയിരുന്നു. പതിയെ കുഞ്ഞ് പുരോഗതിയുടെ ചില ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. ഓക്‌സിമീറ്ററിന്റെ അഭാവം വലിയ വെല്ലുവിളിയായി.
ഒടുവിൽ കണ്ണുകൾ സാധാരണ നിലയിലാവുകയും കുഞ്ഞ് ശബ്ദമുണ്ടാക്കുകയും ചെയ്തു. ക്യാബിൻ ക്രൂ വളരെ സഹായിച്ചെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളത്തില്‍ മുൻഗണനയുള്ള ലാൻഡിംഗിനും പൂർണ്ണ വൈദ്യസഹായത്തിനും ആദ്യമേ ആവശ്യപ്പെടുകയും ചെയ്തു. അതുകൊണ്ട് തന്നെ 9.25 ന് വിമാനം ലാൻഡ് ചെയ്തയുടനെ, കുഞ്ഞിന് ഓക്സിജൻ സപ്പോർട്ട് നൽകാൻ മെഡിക്കൽ സംഘത്തിന് കഴിഞ്ഞെന്നും ഡോ കുൽക്കർണി മാധ്യമങ്ങളോട് പറഞ്ഞു.