കളക്ടര്‍ കണ്ണുരുട്ടിയിട്ടും രക്ഷയില്ല! പ്രധാന റോഡുകളില്‍ ഇപ്പോഴും അപകട കുഴികള്‍

കാസര്‍കോട്: റോഡിലെ കുഴിയില്‍ വീണു സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ഥിനി മരിച്ച സാഹചര്യത്തില്‍ കുഴികളടക്കാനുള്ള കളക്ടറുടെ ഉത്തരവ് നടപ്പായില്ലെന്നാരോപണം. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് മൂന്നുമണിക്കൂര്‍ കൊണ്ട് പേരിന് മാത്രം കുഴിയടക്കുകയായിരുന്നു പൊതുമരാമത്ത് വകുപ്പ് അധികൃതരും കരാറുകാരും. കുഴിയടയ്ക്കല്‍ പരിപാടിയില്‍ ടാര്‍ ഉരുക്കി ഒഴിച്ച് ക്ലീനാക്കിയ മറ്റു കുഴികളില്‍ നിന്നും ടാറും, ജല്ലിയും കരാറുകാര്‍ക്കൊപ്പം പോയിയെന്നും ആരോപണമുണ്ട്. കരാറുകാരുടെ പണിയുടെ മികവും അതിന് അതിലും മികച്ച മേല്‍നോട്ടം നല്‍കുന്ന മരാമത്തുകാരുടെ മികവില്‍ മികവും അന്നു കുഴിയടച്ച പുലിക്കുന്ന് കെ എസ് ടി പി റോഡിലും നഗര ഹൃദയത്തിലെ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിലും ചന്ദ്രഗിരി ജംഗ്ഷനിലും സുല്‍ത്താന്‍ ഗോള്‍ഡിനു മുന്നിലും തെളിഞ്ഞു നില്‍ക്കുന്നു. തിരക്കേറിയ റോഡുകളിലെ അഗാധ കുഴികള്‍ വന്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. മാധ്യമങ്ങളില്‍ റോഡിലെ അപകടക്കുഴികള്‍ സംബന്ധിച്ച വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് കളക്ടര്‍ കെ.ഇമ്പശേഖര്‍ റോഡുവിഭാഗം എന്‍ജിനിയര്‍മാരുടെ അടിയന്തരയോഗം വിളിക്കുകയായിരുന്നു. അപകടമരണം ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്നും പ്രധാന റോഡുകളിലെ കുഴികള്‍ അടിയന്തരമായി അടച്ച് ഫോട്ടോസഹിതം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. ഇനിയും ഒരു ദുരന്തത്തിന് കാത്തു നില്‍ക്കണോയെന്നാണ് യാത്രക്കാരും നാട്ടുകാരും ചോദിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page