വടകര മുന്‍ എംഎല്‍എ അഡ്വ.എം.കെ.പ്രേംനാഥ് അന്തരിച്ചു
കോഴിക്കോട്: വടകര മുന്‍ എംഎല്‍എ എം.കെ.പ്രേംനാഥ് (74) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എല്‍.ജെ.ഡി സംസ്ഥാന വൈസ് പ്രസിഡന്റും വടകര മുന്‍ എംഎല്‍എയുമായിരുന്നു. 2006-2011 കാലത്താണ് വടകര മണ്ഡലത്തില്‍ നിന്നും സഭയിലെത്തുന്നത്. വടകര ചോമ്പാല തട്ടോളിക്കര സ്വദേശിയായ അദ്ദേഹം വടകര റൂറല്‍ ബാങ്ക് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു. ജയപ്രകാശ് നാരായണനുള്‍പ്പടെയുള്ളവരുടെ സോഷ്യലിസ്റ്റ് മൂവ്മെന്റുകളില്‍ ആകൃഷ്ടനായാണ് അദ്ദേഹം സോഷ്യലിസ്റ്റ് ചേരിയിലേക്ക് തിരിയുന്നത്. ഏറെക്കാലം വടരകരയില്‍ സജീവ രാഷ്ട്രീയ പ്രവര്‍ത്തനം കാഴ്ചവെച്ചു. എല്‍.ജെ.ഡി. രൂപവത്കൃതമായശേഷം പാര്‍ട്ടി സീനിയര്‍ വൈസ് പ്രസിഡന്റായി.
വിദ്യാര്‍ഥി കാലഘട്ടം മുതല്‍ പൊതുപ്രവര്‍ത്തനരംഗത്ത് നിറസാന്നിധ്യമാണ് സോഷ്യലിസ്റ്റ് നിരയിലെ സൗമ്യസാന്നിധ്യമായ പ്രേംനാഥ്. സോഷ്യലിസ്റ്റ് വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. മടപ്പള്ളി ഗവ.കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കിയ ഇദ്ദേഹം കേരള സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, ഭാരതീയ വിദ്യാഭവനില്‍നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പി.ജി.ഡിപ്ലോമയും കരസ്ഥമാക്കി.