വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ഭക്തിനിര്‍ഭരമായ തുടക്കം
കാസര്‍കോട്: വിനായക ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് നാടെങ്ങും ഭക്തിനിര്‍ഭരമായ തുടക്കം.
മഹാദേവന്റേയും പാര്‍വ്വതീ ദേവിയുടെയും പുത്രനായ ഗണപതി ഭഗവാന്റെ ജന്മദിനമാണ് വിനായക ചതുര്‍ഥിയായി ആഘോഷിക്കുന്നത്. ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുര്‍ത്ഥി അഥവാ വെളുത്തപക്ഷ ചതുര്‍ഥിയാണ് ഗണപതിയുടെ ജന്മദിനം. മഹാരാഷ്ട്രയിലും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു നേരത്തെ ഇത് ഏറ്റവും അധികം ആഘോഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിലും ഇപ്പോള്‍ വിനായക ചതുര്‍ത്ഥിയ്ക്ക് ഏറെ പ്രാധാന്യമുണ്ട്. കാസര്‍കോട് ജില്ലയില്‍ ആഘോഷം പ്രമാണിച്ച് പൊതുഅവധി നല്‍കിയിരുന്നു. ഗണേശോത്സവ സമിതികളുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍.
കാസര്‍കോട് മല്ലികാര്‍ ജ്ജുന ക്ഷേത്രത്തില്‍ അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന 68-ാം സാര്‍വ്വജനിക ഗണേശോത്സവത്തിനു സുര്‍ളു ഗണേശ മന്ദിരത്തില്‍ നിന്നു ഭക്തിനിര്‍ഭരമായ ഗണേശ വിഗ്രഹഘോഷയാത്രയോടെ തുടക്കമായി. ക്ഷേത്ര പരിസരത്ത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മത്സരങ്ങള്‍ ആരംഭിച്ചു. ഗണേശോത്സവം പെര്‍വാഡ് ബാലകൃഷ്ണ ഭണ്ഡാരി ഉദ്ഘാടനം ചെയ്തു.
വൈകുന്നേരം ആറിനു ഭജന, രാത്രി 7.30ന് ധാര്‍മ്മിക സമ്മേളനം, ഗണേശോത്സവത്തിന്റെ ഭാഗമായി മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ വിവിധ പൂജകളും ഗണപതി ഹോമവും നിറമാലയും നടക്കും. തൃക്കണ്ണാട്, ഹൊസ്ദുര്‍ഗ്ഗ്, ഹൊസങ്കടി, പെര്‍ള, മുള്ളേരിയ, ബെള്ളൂര്‍, ബദിയഡുക്ക, ഉപ്പള, പ്രതാപ് നഗര്‍, നീര്‍ച്ചാല്‍, കാര്‍മാര്‍, എടനീര്‍, മുളിഞ്ച, ദൈഗോളി, മദങ്കിലക്കട്ട, കുഡ്ലു, പള്ളിപ്പുറം തുടങ്ങിയ സ്ഥലങ്ങളിലും വിനായക ചതുര്‍ത്ഥി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു.