മകന്റെ ബൈക്ക് കത്തിക്കാന്‍ മാതാവ് ക്വട്ടേഷന്‍ നല്‍കി; പറഞ്ഞുറപ്പിച്ച തുക കിട്ടാത്തതിനാല്‍ അതേ സംഘം മാതാവിനെ തിരിച്ചാക്രമിച്ചു

മലപ്പുറം: മകന്റെ ബൈക്ക് കത്തിക്കാന്‍ മാസങ്ങള്‍ക്കു മുന്‍പ് ക്വട്ടേഷന്‍ നല്‍കിയ വീട്ടമ്മയെ അതേ സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം മേലാറ്റൂരിലാണ് സംഭവം. വീട്ടമ്മയ്ക്ക് നേരെ ആക്രമണം നടത്തിയ മൂന്നുപേര്‍ പിന്നീട് പൊലീസ് പിടിയിലായി. തമിഴ്‌നാട് ഉക്കടം സ്വദേശി ക്വാജാ ഹുസൈന്‍, മുള്ളിയാകുര്‍ശ്ശി കീഴുവീട്ടില്‍ മെഹബൂബ്, പന്തലം ചേരി നാസര്‍ എന്ന പൂച്ച നാസര്‍ എന്നിവരെയാണ് മേലാറ്റൂര്‍ ഇന്‍സ്‌പെക്ടര്‍ കെആര്‍ രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. പെരുന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റുചെയ്തു. മാസങ്ങള്‍ക്കു മുന്‍പ് മകന്റെ ബൈക്ക് കത്തിക്കാന്‍ വീട്ടമ്മ ഇവര്‍ക്ക് ക്വട്ടേഷന്‍ നല്‍കിയിരുന്നു. ഇതറിഞ്ഞ മകന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് കത്തിക്കാന്‍ മാതാവ് തന്നെയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് കണ്ടെത്തിയത്. ഇതിനുപിന്നാലെ ഇവരെയടക്കം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ വീട്ടമ്മയും അറസ്റ്റിലായിരുന്നു. സംഘം ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം നേരത്തെ പറഞ്ഞുറപ്പിച്ച തുകയെച്ചൊല്ലി വീട്ടമ്മയുമായി
വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു. പണം ലഭിക്കില്ലെന്ന് ഉറപ്പായതോടെ ക്വട്ടേഷന്‍ സംഘം മാരകായുധങ്ങളുമായി വീട്ടമ്മയുടെ വീട്ടിലെത്തി ആക്രമണം നടത്തുകയും വീട് അടിച്ചു പൊളിക്കുകയുമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page