ചെറുവത്തൂര്‍: നെല്ലിക്കാ തുരുത്തി കഴകം നിലമംഗലത്ത് ഭഗവതി ക്ഷേത്രത്തിലെ സ്ഥാനികന്‍ തലക്കാട്ട് ഭാസ്‌ക്കരന്‍(85) അന്തരിച്ചു. ക്ഷേത്രത്തിലെ ഒന്നാനച്ഛനും നാന്തകം എഴുന്നള്ളിക്കുന്ന അച്ഛനുമായിരുന്നു. 2014ല്‍ ക്ഷേത്രത്തില്‍ നടന്ന പെരുങ്കളിയാട്ടത്തോടെയാണ് ഒന്നാനച്ഛനായി സ്ഥാനമേറ്റത്. ക്ഷേത്രത്തിലെ പടിഞ്ഞാറെ ഗോപുരനട ഇന്നും നാട്ടുകാരുടെ പ്രശ്‌ന പരിഹാര കോടതിയായിരുന്നു. കോടതിയിലെ പ്രധാന ജഡ്ജിയുടെ സ്ഥാനമാണ് ഒന്നാനച്ഛനുള്ളത്. പൊലീസ് സ്റ്റേഷനുകളിലും കോടതികളിലും തീര്‍പ്പാകാത്ത പരാതികളും ഇവിടെ പരിഹരിക്കപ്പെട്ടിരുന്നു. പരാതിക്കാരനും എതിര്‍കക്ഷിക്കും പക്ഷഭേദമില്ലാതെ ധാര്‍മ്മികതയില്‍ ഊന്നിയുള്ള നീതിയാണ് ഉറപ്പാക്കിയിരുന്നത്. ക്ഷേത്ര പരിധിയിലെ 4500 കുടുംബങ്ങളും 31 പ്രാദേശിക സമിതിയും എണ്ണായിരം വാലിയക്കാരും പടന്ന, വലിയപറമ്പ്, ചെറുവത്തൂര്‍ പഞ്ചായത്തും നീലേശ്വരം നഗരസഭയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളും ഉള്‍പ്പെടുന്ന നിരവധി ഉപക്ഷേത്രങ്ങളും അടങ്ങുന്ന കഴകത്തിലെ നാട്ടുകോടതി വിധി വളരെ പ്രസിദ്ധമാണ്. പത്തുവര്‍ഷത്തിനിടേ നിരവധി പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പുകല്‍പിക്കുവാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കെ.വി നാരായണിയാണ് ഭാര്യ. മക്കള്‍: തമ്പായി കെ.വി (പാലായി), സാവിത്രി കെ.വി (കണിച്ചിറ), പ്രസന്ന കെ.വി (കാരിയില്‍), ഗീത കെ.വി (പുതിയകണ്ടം), സജിത കെ.വി (കാരിയില്‍), ജനാര്‍ദ്ദനന്‍ കെ.വി (മുണ്ടകണ്ടം). സഹോദരങ്ങള്‍: മാണിക്കം മയിച്ച, മാധവി, ജാനകി, തമ്പായി, കുഞ്ഞിരാമന്‍.