നിപ രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. തിങ്കളാഴ്ച മുതല്‍ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു. അംഗന്‍വാടി, മദ്രസ എന്നിവയ്ക്കും അവധി ബാധകമാണ്. പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. ട്യൂഷന്‍ സെന്റര്‍, കോച്ചിംഗ് സെന്റര്‍ എന്നിവയ്കും അവധി ബാധകമാണ്. അതേസമയം പൊതു പരീക്ഷകള്‍ മാറ്റമില്ലാതെ തുടരും. ജില്ലയിലെ പരീക്ഷകള്‍ മാറ്റിവെക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ നിര്‍ദേശം ലഭ്യമാകുന്ന മുറയ്ക്ക് നടപടികള്‍ സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു. ദുരന്തനിവാരണ നിയമം സെക്ഷന്‍ 26, 30, 34 എന്നിവ പ്രകാരമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യയനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നിപ വൈറസ് ബാധ സ്ഥിരീകരിക്കുകയും രണ്ടുപേര്‍ ഇതിനകം രോഗം ബാധിച്ചു മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കളക്ടറുടെ ഉത്തരവില്‍ പറയുന്നു. എന്നാല്‍ തുടര്‍ച്ചയായ അവധി വിദ്യാര്‍ഥികളുടെ പഠനത്തെ ബാധിക്കാതിരിക്കാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. കൂടാതെ, അവധിദിവസങ്ങളില്‍ കുട്ടികള്‍ വീടിനു പുറത്തുപോയി ആപത്തുകളില്‍പെടാതിരിക്കാനും ശ്രദ്ധിക്കണമെന്നും കളക്ടര്‍ ഉത്തരവില്‍ നിര്‍ദേശിച്ചു.
കോഴിക്കോട് കോര്‍പറേഷനിലെ ഏഴു വാര്‍ഡുകളും ഫറോക് നഗരസഭയും കണ്ടെയ്ന്‍മെന്റ് സോണുകളാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. നിപ ബാധിച്ച് നാല് പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നത്. നിപ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. പതിനൊന്ന് സാമ്പിളുകള്‍ കൂടി നെഗറ്റീവായി. രോഗികളുടെ നില തൃപ്തികരമാണ്. വെന്റിലേറ്ററിലുള്ള കുട്ടിയുടെ നിലയില്‍ പുരോഗതിയുണ്ട്. ആദ്യം മരിച്ച വ്യക്തിയുടെ സോഴ്‌സ് ഐഡന്റിഫിക്കേഷന്‍ നടക്കുന്നു. 19 ടീമുകളുടെ മീറ്റിംഗ് ചേര്‍ന്നുവെന്നും കൂടുതല്‍ ആംബുലന്‍സുകള്‍ ഏര്‍പ്പെടുത്തിയതായും മന്ത്രി വ്യക്തമാക്കി.