കാസർകോട്: ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ പൂര്‍ണകായശില്‌പം ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കവാടത്തില്‍ അനാച്ഛാദനം ചെയ്‌തു. സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചാണ് ശിൽപ്പം സ്ഥാപിച്ചത്. ഡോ.കെ.ജയകുമാര്‍ ശിൽപ്പത്തിൻ്റെ അനാച്ഛാദന കർമ്മം നിര്‍വ്വഹിച്ചു. എഴുത്തച്ഛൻ്റെ ജന്മദേശമായ തിരൂർ തുഞ്ചൻ പറമ്പിൽ ഇതുവരെ പൂർണ്ണകായ ശിൽപ്പം സ്ഥാപിക്കാൻ പറ്റിയിട്ടില്ല. ഇതേ ചൊല്ലി ഏറെ വിവാദങ്ങളും മുൻപ് ഉയർന്നിട്ടുണ്ട്. അപ്പോഴാണ് സപ്ത ഭാഷാ സംഗമഭൂമിയായ കാസർകോട് ഭാഷാപിതാവിന് ആദരവുമായി ശിൽപ്പം സ്ഥാപിച്ചത്. കൈയില്‍ താളിയോല ഗ്രന്ഥവും എഴുത്താണിയും പിടിച്ച് ഇരിക്കുന്ന രൂപത്തിലാണ് ശില്‌പം . ചിത്രകല അധ്യാപകന്‍ ചിത്രന്‍ കുഞ്ഞിമംഗലമാണ് ഫൈബറിൽ വെങ്കല നിറത്തോടുകൂടിയ ശില്‍പ്പം ഒരുക്കിയത്.സ്‌കൂള്‍ മാനേജര്‍ കെ.വേണുഗോപാലന്‍ നമ്പ്യാര്‍ അനാച്ഛാദന ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. എന്‍.അശോക് കുമാര്‍, കുസുമ ഹെഗ്‌ഡെ, പ്രൊഫ.കെ. പി ജയരാജന്‍, വി.രവീന്ദ്രന്‍ നായര്‍, പി ടി എ പ്രസിഡന്‍റ് വി.ശ്രീജിത്ത്, എം.കെ.വിനോദ് കുമാര്‍, ശില്‌പി ചിത്രന്‍ കുഞ്ഞിമംഗലം, ഗോപി, പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വേണുനാഥന്‍, ഹെഡ്‌മാസ്റ്റര്‍ വിനോദ് കുമാര്‍ പ്രസംഗിച്ചു. ശ്രേയ രാജേഷ് മഹാകവി വള്ളത്തോളിന്റെ എഴുത്തച്ഛന്‍ എന്ന കവിത ആലപിച്ചു.