ഷൊർണൂരിലെ സഹോദരിമാരുടെ മരണം കൊലയെന്ന് പോലീസ്: ഇറങ്ങി ഓടിയ ആൾ വഴി യാത്രക്കാരൻ അല്ല, ആളുടെ ലക്ഷ്യം ഇതാണ്
പാലക്കാട്: ഷൊർണൂർ കൂനത്തറയിൽ സഹോദരിമാരെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം. കവർച്ചാ ശ്രമത്തിനിടെയുള്ള കൊലയാണെന്ന് പൊലീസ് പറയുന്നു. കൊല്ലപ്പെട്ടവരുടെ വീട്ടിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ച പട്ടാമ്പി സ്വദേശി മണികണ്ഠൻ (48) കുറ്റം സമ്മതിക്കുകയായിരുന്നു. നീലാമലക്കുന്ന് സ്വദേശിനികളായ പത്മിനി, തങ്കം എന്നിവരെ വ്യാഴാഴ്ച ഉച്ചയോടെയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്ന് പുക ഉയരുന്ന ശബ്ദം കേട്ടാണ് നാട്ടുകാർ കവളപ്പാറയിലെ വീട്ടിലേക്ക് ഓടിയെത്തിയത്. ഈ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വീടിന് തീപിടിച്ച സമയത്ത് ഒരു യുവാവ് വീട്ടിൽ നിന്ന് ഓടി ഇറങ്ങിവന്നത് നാട്ടുകാർ കണ്ടത്. യുവാവിന്റെ ശരീരത്തിലും പൊള്ളലുണ്ടായിരുന്നു. ശരീരത്തിൽ മുറിഞ്ഞ പാടുകളും. സംശയം തോന്നിയ നാട്ടുകാർ ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. അഗ്നി രക്ഷാ സേനയെത്തി തീയണച്ചാണ് വീട്ടിനുള്ളിലേക്ക് പ്രവേശിക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും സരേജിനിയും തങ്കവും വെന്ത് മരിച്ചിരുന്നു.
അതേസമയം, തീ കത്തുന്നത് കണ്ടാണ് അങ്ങോട്ട് ഓടിക്കയറിയതെന്നാണ് കസ്റ്റഡിയിൽ ആയ ആൾ പോലീസിനോട് പറഞ്ഞത്. അപകടം കണ്ടാണ് അങ്ങോട്ട് പോയത് എന്നാണ് അപ്പോൾ പറഞ്ഞ വിശദീകരണം. എന്നാൽ പൊലീസ് ഈ വിശദീകരണം മുഖവിലക്കെടുത്തില്ല. വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്തതിനെ തുടർന്നാണ് പ്രതി കുറ്റം സമ്മതിച്ചത്.