ബംഗളൂരൂ: നാഗർഹോള കടുവാ സങ്കേതത്തിന് കീഴിലുള്ള മെറ്റിക്കുപ്പെ ഫോറസ്റ്റ് റേഞ്ചിൽ കടുവ പത്ത് വയസ്സുകാരനെ കടിച്ച് കൊന്നു. എച്ച് ഡി കോട്ടെ താലൂക്കിലെ കല്ലഹട്ടി ഗ്രാമത്തിലെ ചരൺ നായക് ആണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.മരത്തിനടിയിൽ വിശ്രമിക്കുന്നതിനിടെയാണ് കടുവ ആക്രമിച്ചതും ചരണിനെ വലിച്ചിഴച്ച് കൊണ്ടുപോയതും. ചരണിന്റെ അച്ഛൻ കൃഷ്ണകർ സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു എങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പിന്നീട് കൃഷിയിടത്തിന് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭീതിയിലായ നാട്ടുകാർ കടുവയെ പിടികൂടണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. വനം വകുപ്പ് അധികൃതരുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് എച്ച്‌ഡി കോട്ടെ ബഞ്ചാര മഹാസഭ നേതാവ് കൃഷ്ണ നായക് ആരോപിച്ചു. പ്രദേശത്തെ കടുവ ശല്യത്തെക്കുറിച്ച് ഗ്രാമവാസികൾ പരാതികള്‍ അറിയിച്ചിരുന്നെങ്കിലും വനപാലകർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടെന്നും ഇരയുടെ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം വനം വകുപ്പ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് നാഗർഹോളെ വനപാലകരോട് കടുവയെ പിടികൂടാൻ ഉത്തരവിട്ടിട്ടുണ്ട്.