പൈനാവ്: ഡിസ്ചാർജ് ചെയ്ത രോഗിയെ വീട്ടിലേയ്ക്ക് കൊണ്ടുവരികയായിരുന്ന ആംബുലൻസ് തോട്ടിലേക്ക് മറിഞ്ഞ് വീട്ടമ്മ മരിച്ചു. ഇടുക്കി സേനാപതി വട്ടപ്പാറ ചെമ്പുഴയിൽ അന്നമ്മ പത്രോസ് (80) ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അന്നമ്മയെ ഡിസ്ചാർജ് ചെയ്തതിനെ തുടർന്ന് ആംബുലൻസിൽ സേനാപതി വട്ടപ്പാറയിലുള്ള വീട്ടിലേക്ക് കൊണ്ട് വരും വഴിയിലാണ് അപകടം സംഭവിച്ചത്. രാജാക്കാട് പന്നിയാർകൂട്ടിക്ക് സമീപം കുളത്രക്കുഴിയിൽ വെച്ചാണ് ആംബുലൻസ് നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞത്. തിങ്കളാഴ്ച പുലർച്ചെ 4.30 ഓടെയാണ് അപകടമുണ്ടായത്. കുളത്രക്കുഴിക്ക് സമീപം വളവിൽ 10 അടി താഴ്ചയിലുള്ള തോട്ടിലേയ്ക്കാണ് ആംബുലൻസ് വീണത്. പരിക്കേറ്റ അന്നമ്മയെ രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. രാജാക്കാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ചു