വെബ് ഡെസ്ക് : മെഡിക്കൽ ബിരുദം പൂർത്തിയാക്കാൻ യുദ്ധത്തിൽ തകർന്ന യുക്രെയിനിലേക്ക് മടങ്ങേണ്ടി വന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ ദുരിതത്തിന് അവസാനമില്ല. യുദ്ധത്തിൽ ഇന്ത്യ റഷ്യയെ പിന്തുണയ്ക്കുന്നതായി കരുതുന്ന പ്രാദേശിക ജനവിഭാഗങ്ങളുടെ രോഷം വിദ്യാർത്ഥികള്‍ കൂടുതലായി അഭിമുഖീകരിക്കുന്നതായി റിപ്പോർട്ട്. ജൂണിൽ ഉക്രെയ്ൻ തിരിച്ചടി ആരംഭിച്ചത് മുതൽ ശത്രുത രൂക്ഷമാണ്. പ്രദേശവാസികൾ രാജ്യം വിടാൻ ആവശ്യപ്പെടുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു. മറ്റേതെങ്കിലും രാജ്യത്തെ സർവ്വകലാശാലകളിലേക്ക് മാറാൻ അനുവദിക്കണമെന്ന് വിദ്യാർത്ഥികൾ അവരുടെ സംസ്ഥാന സർക്കാരുകൾക്കും കേന്ദ്രത്തിനും പല തവണയായി കത്തെഴുതിയെങ്കിലും ഫലമുണ്ടായില്ല.
2022 ൽ റഷ്യയുടെ അധിനിവേശത്തിന് ശേഷം ആഴ്ചകൾക്കുള്ളിൽ ഉക്രെയ്നിൽ നിന്ന് 18,000 വിദ്യാർത്ഥികളെ ഒഴിപ്പിച്ചിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളിലോ മറ്റ് വിദേശ സർവകലാശാലകളിലോ പഠനം പുനരാരംഭിക്കാൻ കഴിയുമെന്നാണ് വിദ്യാർത്ഥികൾ പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടായില്ല.ഇതേ തുടർന്ന് 2023 ജനുവരി മുതൽ, ഏകദേശം 3,400 വിദ്യാർത്ഥികൾ അപകടസാധ്യതകൾക്കിടയിലും ഡിഗ്രി പൂർത്തിയാക്കാൻ ഉക്രെയ്നിലേക്ക് മടങ്ങി.
നാഷണൽ മെഡിക്കൽ കൗൺസിൽ (എൻഎംസി) മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, 2021 ഡിസംബറിന് ശേഷം വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മറ്റേതെങ്കിലും സർവകലാശാലയിലേക്ക് മാറാൻ കഴിയില്ല. അതുകൊണ്ടാണ് പല വിദ്യാർത്ഥികൾക്കും ഉക്രെയ്നിലേക്ക് തിരിച്ച് പോകേണ്ടി വന്നത്. യുദ്ധം നീണ്ടുനിൽക്കുമ്പോൾ, പൊതുജനങ്ങളുടെ മാനസികാവസ്ഥ ഇന്ത്യൻ വിദ്യാർത്ഥികൾക്കെതിരെയാണ്. നമ്മൾ അവരുടെ രാജ്യം വിടണമെന്നാണ് അവർ ആഗ്രഹിക്കുന്നത്. ചിലപ്പോൾ കടയുടമകൾ ഞങ്ങൾക്ക് സാധനങ്ങൾ തരില്ല. ഹോസ്റ്റലിലും ഞങ്ങൾ ഇതേ അവഗണന നേരിടുന്നുണ്ട്. ജീവനക്കാർ ഞങ്ങളോട് അപമര്യാദയായിയാണ് പെരുമാറുന്നതെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. സൈറൺ മുഴങ്ങുമ്പോഴെല്ലാം വിദ്യാർഥികൾ ഭീതിയിലാണ്. നാട്ടില്‍ തങ്ങളുടെ മാതാപിതാക്കള്‍ ഭയത്തോടെയാണ് ജീവിക്കുന്നത്. തങ്ങൾക്ക് പണമല്ല ആവശ്യം മറ്റേതെങ്കിലും രാജ്യത്തെ മറ്റേതെങ്കിലും സർവകലാശാലയിലേക്ക് മാറാൻ അനുവദിക്കണമെന്നാണ് വിദ്യാർത്ഥികള്‍ അഭ്യര്‍ത്ഥിക്കുന്നത് .