മംഗളൂരു: ബെംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് കടത്തുകയായിരുന്ന നൈജീരിയന്‍ പൗരനെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ യെലഹങ്കയില്‍ താമസിക്കുന്ന നൈജീരിയ സ്വദേശിനി റെജീന സാറ എന്ന ഐഷ (33) ആണ് അറസ്റ്റിലായത്. ഇവരുടെ പക്കല്‍ നിന്ന് 20 ലക്ഷം രൂപ വിലമതിക്കുന്ന 400 ഗ്രാം എംഡിഎംഎയും മൊബൈല്‍ ഫോണും 2,910 രൂപയും പിടിച്ചെടുത്തു. നൈജീരിയ സ്വദേശിനിയായ ഐഷ പഠന വിസയിലാണ് ഇന്ത്യയിലെത്തിയത്. പിന്നീട് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. അതിനിടയില്‍ മയക്കുമരുന്നിനടിമയാവുകയും തുടര്‍ന്ന് നഴ്സ് ജോലി ഉപേക്ഷിച്ച് എംഡിഎംഎ വില്‍പന ആരംഭിച്ചു. ഉള്ളാള്‍, മംഗളൂരു നോര്‍ത്ത്, കങ്കനാടി, കൊണാജെ, സൂറത്ത്കല്‍, സിഇഎന്‍ പോലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഏഴ് മയക്കുമരുന്നു കേസുകളില്‍ പ്രതിയായവര്‍ക്ക് യുവതിയാണ് മയക്കുമരുന്ന് വില്‍പന നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. സിസിബി എസിപി പിഎ ഹെഗ്ഡെ, ഇന്‍സ്പെക്ടര്‍ ശ്യാം സുന്ദര്‍, പിഎസ്ഐ രാജേന്ദ്ര, ശരണപ്പ ഭണ്ഡാരി, സുദീപ്, നരേന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.