കോട്ടയം: ഫുട്ബോൾ കളിക്കിടെ തെറിച്ചുപോയ പന്ത് എടുക്കാൻ പോയ വിദ്യാർത്ഥി മതിലിന്റെ തൂൺ ഇടിഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്ബ് വെട്ടിക്കാട്ടുമുക്ക് കോട്ടപ്പള്ളിയിൽ ഹാരിസിന്റെ മകൻ മുഹമ്മദ് അബൂബക്കർ ഹാരിസ്(13) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 5.30ന് വെട്ടിക്കാട്ടുമുക്ക് ഹൗസിങ് കോളനിക്ക് സമീപമാണ് സംഭവം. കൂട്ടുകാരുമൊത്ത് ഫുട്ബോൾ കളിക്കാൻ എത്തിയതായിരുന്നു ഹാരിസ്. പന്ത് തെറിച്ച് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലേക്ക് പോയി. ഇത് എടുത്ത് തിരികെ വരാനായി മതിലിന്റെ തൂണിൽ പിടിച്ചുകയറുന്നതിനിടെയായിരുന്നു അപകടം. മതിലിന്‍റെ തൂൺ അടർന്ന് കുട്ടിയുടെ മേലേക്ക് പതിക്കുകയായിരുന്നു. മൈതാനത്തുണ്ടായിരുന്നവർ ഓടിയെത്തി ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.