കാസർകോട് : തീരദേശത്തിന്റെയും മത്സ്യത്തൊഴിലാളികളുടെയും അഭിവൃദ്ധിക്കും സമൃദ്ധിക്കും കുമ്പള വീരവിട്‌ള ക്ഷേത്ര സമിതി കോയിപ്പാടി കടപ്പുറത്തു സമുദ്ര പൂജ നടത്തി. പൂജയോടനുബന്ധിച്ച് സമുദ്രത്തിനു ക്ഷീരാർപ്പണം നടത്തി. തുടർന്ന് നാളികേര സമര്‍പ്പണവും കുങ്കുമാര്‍ച്ചനയും ചെയ്‌തു. കുമ്പള വീരവിട്‌ള ക്ഷേത്ര സമിതിയുടെ നേതൃത്വത്തില്‍ ബുധനാഴ്ച വൈകിട്ടായിരുന്നു ചടങ്ങ്. സമുദ്രതീരത്ത് നടത്തിയ ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രിയാണ് നേതൃത്വം നൽകിയത്. പൂജയിലും പ്രാര്‍ത്ഥനയിലും പങ്കെടുക്കാൻ ഭക്തരും എത്തി. ഭക്തര്‍ക്കൊപ്പം തന്ത്രി നിവേദ്യം സമുദ്രത്തിലര്‍പ്പിച്ചു. ശാന്തമായ കടലിനും സുരക്ഷിതമായി മത്സ്യബന്ധനം നടക്കാനും, മത്സ്യസമ്പത്ത് ധാരാളം ലഭിക്കുന്നതിനുമായി നടത്തുന്ന ചടങ്ങാണ് സമുദ്രപൂജ. സമുദ്രപൂജയിലൂടെ സംപ്രീതയാവുന്ന കടല്‍ ശാന്തമാവുമെന്നും കടലില്‍ മത്സ്യ സമ്പത്തു വര്‍ധിക്കുമെന്നും വിശ്വാസികള്‍ കരുതുന്നു. മത്സ്യബന്ധനം ഉപജീവനമാക്കി ജീവിക്കുന്നവരാണ് മത്സ്യപൂജകൾ നടത്താറുള്ളത്.കാലവര്‍ഷസമയത്താണ് കടല്‍ കൂടുതല്‍ ക്ഷുഭിതമാവാറുള്ളത്. ആ സമയത്താണ് സാധാരണയായി മത്സ്യതൊഴിലാളികൾ സമുദ്രപൂജ നടത്താറുളളത്.