മധ്യപ്രദേശിലെ സാഗര്‍ ജില്ലയില്‍ ദളിത് യുവാവിനെ അതിക്രൂരമായി തല്ലിക്കൊന്നു. നിഥിന്‍ അഹിര്‍വാര്‍ എന്ന 18 കാരനാണ് കൊല്ലപ്പെട്ടത്. നിഥിന്റെ സഹോദരി നല്‍കിയ ലൈംഗികപീഡന കേസ് പിന്‍വലിക്കാന്‍ തയ്യാറാകാത്തതാണ് കൊലപാതകത്തിന് കാരണം. കൊല്ലപ്പെട്ട യുവാവിന്റെ അമ്മയെ പ്രതികള്‍ നഗ്‌നയാക്കിയെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2019 ല്‍ നിഥിന്റെ സഹോദരി വിക്രം സിംഗ് താക്കൂര്‍ എന്ന ആള്‍ക്കെതിരെ ലൈംഗികപീഡന കേസ് നല്‍കിയിരുന്നു. അന്നുമുതല്‍ കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ നിഥിന്റെ വീട്ടുകാരെ ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ കേസുമായി മുന്നോട്ട് പോവുകയായിരുന്നു. തര്‍ക്കം രൂക്ഷമായതോടെ വിക്രം സിംഗും സംഘവും വ്യാഴാഴ്ചയോടെ നിഥിന്റെ വീട് ആക്രമിച്ചു. ശേഷം നിഥിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
മകനെ മര്‍ദിക്കുന്നത് തടയാനെത്തിയ മാതാവിനെ പ്രതികള്‍ നഗ്‌നയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തില്‍ മുഖ്യപ്രതിയടക്കം എട്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം ഗ്രാമത്തലവന്റെ ഭര്‍ത്താവ് ഉള്‍പ്പെടെ പ്രതികളില്‍ ചിലര്‍ ഒളിവിലാണ്. ഇവരെ പിടികൂടുന്നതിനായി പൊലീസ് തെരച്ചില്‍ ആരംഭിച്ചു.