മംഗളൂരു: ലോണ്‍ ആപ്പ് വഴി വായ്പയെടുത്ത പെണ്‍കുട്ടിയുടെ നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി. സംഭവത്തില്‍ സൈബര്‍ ഇക്കണോമിക് ആന്‍ഡ് നാര്‍ക്കോട്ടിക് ക്രൈം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പെണ്‍കുട്ടി ഗൂഗിള്‍ പ്ലേ സ്റ്റോര്‍ വഴി ക്വിക് മണി ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് 10,000 രൂപ വായ്പയ്ക്ക് അപേക്ഷിക്കുകയും ഉടന്‍ തന്നെ അവരുടെ അക്കൗണ്ടിലേക്ക് 7500 രൂപ വരുകയുമായിരുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ തുക തിരികെ നല്‍കുകയും ചെയ്തു. പിന്നീട്, നിരവധി വാട്സ്ആപ്പ് നമ്പറുകളിലൂടെ യുവതിയെ വിളിച്ച് കൂടുതല്‍ വായ്പയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും 14000 രൂപ അവരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. രണ്ടാമത്തെ വായ്പാ തുകയും പെണ്‍കുട്ടി തിരിച്ചടച്ചു. എന്നാല്‍, കൂടുതല്‍ പണം തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കുകയും യുവതിയുടെ അക്കൗണ്ടില്‍ നിന്ന് 51000 രൂപ ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്തു. വീണ്ടും കൂടുതല്‍ പണം ആവശ്യപ്പെട്ടതോടെ പണം നല്‍കാന്‍ യുവതി വിസമ്മതിച്ചു. ശേഷം മറ്റ് ആണ്‍കുട്ടികള്‍ക്കൊപ്പമുള്ള നഗ്‌നചിത്രം സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്ന് സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.