മംഗളൂരു: പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയതിനെ തുടര്‍ന്ന് 18 കാരിയെ പട്ടാപ്പകല്‍ കുത്തിക്കൊലപ്പെടുത്തി. കര്‍ണാടക പൂത്തൂര്‍ മാവിനക്കട്ടെ വനിതാ പോലീസ് സ്റ്റേഷന് സമീപത്താണ് ദാരുണായ സംഭവം നടന്നത്. പുത്തൂര്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിനു സമീപത്തെ ഫാന്‍സി കടയിലെ ജീവനക്കാരിയും വിട്ടല്‍ അളികെ സ്വദേശിനിയുമായ ഗൗരി(18)യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ ജെ.സി.ബി ഓപ്പറേറ്ററും മുന്‍കാമുകനുമായ ബെല്‍ത്തങ്ങാടി വേണൂര്‍ സ്വദേശി പത്മരാജി(23)നെ പുത്തൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം. ഗൗരി ജോലി ചെയ്യുന്ന കടയിലെത്തിയ യുവാവ് വാക്കേറ്റം നടത്തിയിരുന്നു. യുവതി ഉപയോഗിക്കുന്ന രണ്ടാമത്തെ ഫോണിനെ കുറിച്ചായിരുന്നു തര്‍ക്കം. അതിനിടേ ഫോണുകളില്‍ ഒന്ന് കൈക്കലാക്കി പത്മരാജ് ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. തുടര്‍ന്ന് ഗൗരി ഫോണ്‍ വിളിച്ച് തന്റെ ഫോണ്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വനിതാ പൊലീസ് സ്റ്റേഷനു സമീപത്ത് എത്തിയാല്‍ ഫോണ്‍ തരാമെന്നായിരുന്നു പത്മരാജിന്റെ മറുപടി. ആവശ്യപ്പെട്ട സ്ഥലത്തേക്ക് വരുന്നതിനിടേ പ്രകോപിതനായി പിന്നാലെ എത്തിയ പത്മരാജ് ശരീരത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന കത്തിയെടുത്ത് ആള്‍ക്കാര്‍ നോക്കി നില്‍ക്കെ കുത്തുകയും കഴുത്തറുക്കുകയുമായിരുന്നു. പ്രതി ബൈക്കില്‍ കയറി രക്ഷപ്പെട്ടുവെങ്കിലും പിന്‍തുടര്‍ന്നു നാട്ടുകാര്‍ പിടികൂടി. കുത്തേറ്റു നിലത്തുവീണ ഗൗരിയെ പൊലീസെത്തി ഉടന്‍ പുത്തൂര്‍ ആശുപത്രിയില്‍ എത്തിച്ചു. നിലഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയ ഗൗരി മറ്റൊരാളുമായി ബന്ധം സ്ഥാപിച്ചുവെന്ന സംശയമാണ് കൊലപാതകത്തിനു ഇടയാക്കിയതെന്നാണ് പോലീസ് പറയുന്നത്.