കാസര്‍കോട്: ജില്ലയുടെ തെക്കന്‍ മേഖലകളില്‍ ചെങ്കണ്ണ് ബാധിതരുടെ എണ്ണം കൂടി വരുന്നു. മുന്നൂറോളം പേരാണ് ഒരാഴ്ചക്കുള്ളില്‍ നീലേശ്വരം നഗരസഭയിലും ചെറുവത്തൂര്‍, കയ്യൂര്‍- ചീമേനി, പിലിക്കോട്, തൃക്കരിപ്പൂര്‍ പഞ്ചായത്തുകളിലുമായി ചികിത്സതേടിയത്. ‘അഡീനോ വൈറസ്’ ഇനത്തില്‍പ്പെടുന്ന ഈ രോഗത്തെതുടര്‍ന്ന് ചികിത്സ തേടുന്നവരില്‍ കൂടുതലും കുട്ടികളും വിദ്യാര്‍ഥികളുമാണ്. സ്‌കൂളുകളില്‍ പരീക്ഷനടക്കുന്നതിനാല്‍ ചെങ്കണ്ണുള്ളവര്‍ക്ക് പ്രത്യേക സൗകര്യം ഒരുക്കിയിട്ടുമുണ്ട്. വൈറസ് മൂലമുള്ള രോഗമാണ് വ്യാപിക്കുന്നതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരാഴ്ച കൊണ്ട് ഭേദമാകുമെങ്കിലും എളുപ്പത്തില്‍ പടരുന്നതിനാല്‍ വേണ്ടവിധത്തിലുള്ള പരിചരണവും ചികിത്സയും ആവശ്യമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ഇത്തവണ രോഗത്തിനു തീവ്രത കൂടുതലാണെന്നാണ് രോഗ ബാധിതര്‍ പറയുന്നത്. രോഗത്തിന്റെ തീവ്രത വര്‍ധിക്കുമ്പോള്‍ കണ്‍പോളയുടെ ഉള്‍ഭാഗത്ത് പാട രൂപപ്പെടുകയും കണ്ണുകളില്‍ ചുവപ്പുനിറവും കണ്‍പോളകളില്‍ നീരും തടിപ്പും ഉണ്ടാകുകയും ചെയ്യും. കാഴ്ചയെ വലിയ തോതില്‍ ബാധിക്കാറില്ലെങ്കിലും കൃഷ്ണമണിയെ ബാധിച്ച് കിറാറ്റോകണ്‍ജക്ടിവിടിസ് എന്ന രോഗാവസ്ഥയുണ്ടാകാനുള്ള സാധ്യതയുമുണ്ട്.