കണ്ണൂര്‍: വളപട്ടണത്ത് റെയില്‍വേ ട്രാക്കില്‍ കല്ല് നിരത്തിയ നിലയില്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുട്ടികള്‍ പിടിയില്‍. റെയില്‍വേ ട്രാക്കുകളില്‍ പൊലീസിന്റെ പരിശോധന ശക്തമായി നടന്നു വരികെയാണ് ബുധനാഴ്ച രാവിലെ സംഭവം കണ്ടത്. വളപട്ടണം പൊലീസ് ആണ് കുട്ടികളെ പിടികൂടിയത്. രാവിലെയാണ് കുട്ടികള്‍ ട്രാക്കില്‍ കല്ല് വച്ചത്. ഈ സമയം പട്രോളിങ്ങ് നടത്തുകയായിരുന്ന പൊലീസാണ് കുട്ടികളെ റെയില്‍വേ ട്രാക്കില്‍ കണ്ടത്. സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി. ഇത്തരത്തിലുള്ള സംഭവങ്ങള്‍ സ്ഥിരം നടന്നുവരുന്നതായി പൊലീസ് പറയുന്നു. നേരത്തെയും കണ്ണൂര്‍ കാസര്‍കോട് പാതകളിലെ വിവിധ ഇടങ്ങളില്‍ കല്ലുകളും ഇരുമ്പ് കമ്പികളും ക്ലോസറ്റ് കഷ്ണങ്ങള്‍ പോലും റെയില്‍വേ ട്രാക്കിന് മുകളില്‍ വയ്ക്കുന്ന സാഹചര്യമുണ്ടെന്നും പൊലീസ് പറയുന്നു. കാഞ്ഞങ്ങാട് ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ അന്‍പതോളം പേരെ ഹൊസ്ദുര്‍ഗ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചൊവ്വാഴ്ച രാവിലെ മുതല്‍ പൊലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയില്‍വേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തില്‍ കണ്ടെവരെയാണ് ചോദ്യം ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കാഞ്ഞങ്ങാട് വച്ച് രാജധാനി എക്‌സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ എസി കോച്ചില്‍ ഒന്നിന്റെ ചില്ല് പൊട്ടിയിരുന്നു.