കോട്ടയം: പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയില്‍ സതിയമ്മ ജോലി നേടിയത് വ്യാജ രേഖ ചമച്ചിട്ടാണെ് ലിജിമോള്‍. വ്യാജരേഖ ചമച്ച് ജോലി നേടാന്‍ ഉദ്യോഗസ്ഥര്‍ കൂട്ട് നിന്നുവെന്നും തന്റ പേര് ഉപയോഗിച്ച് സര്‍ക്കാരിന്റെ പണം അപഹരിച്ചെന്നും ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിനൊപ്പം വാര്‍ത്താ സമ്മേളനം നടത്തിയ ലിജിമോള്‍ തനിക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ കണ്ടാണ് തന്റെ പേരില്‍ സതീദേവി ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നത്. കുടുംബശ്രീയില്‍ നിന്നും രാജിവെച്ച ശേഷം നാലുവര്‍ഷമായി ഒരിക്കല്‍ പോലും മൃഗാശുപത്രിയില്‍ പോവുകയോ ജോലിക്ക് അപേക്ഷിക്കുകയോ ജോലി ചെയ്യുകയോ ശമ്പളം വാങ്ങുകയോ ചെയ്തിട്ടില്ലെന്നും അവര്‍ പറഞ്ഞു. ഐശ്വര്യ കുടുംബശ്രീ പ്രസിഡന്റ് സുധാമോള്‍, സെക്രട്ടറി ജാനമ്മ വ്യാജരേഖ ചമയ്ക്കാന്‍ കൂട്ടുനിന്ന് അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ ബിനുമോന്‍ എന്നിവര്‍ സംഭവത്തില്‍ കുറ്റക്കാരാണെന്നും ലിജിമോള്‍ പരാതിയില്‍ ആരോപിച്ചു. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍, പണാപഹരണം, വഞ്ചന, ജോലി തട്ടിയെടുക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ പ്രതികളുടെ പേരില്‍ കേസെടുക്കണമെന്ന് ലിജിമോള്‍ ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. അതേസമയം കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്നു 52 കാരിയായ പിഒ സതിയമ്മ. ഉമ്മന്‍ചാണ്ടിയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിന് പിന്നാലെയാണ് ഇവരെ പിരിച്ചുവിട്ടതെന്നായിരുന്നു യുഡിഎഫ് ആരോപണം. ഉമ്മന്‍ചാണ്ടിയെപ്പറ്റി ചാനലില്‍ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗ സംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടര്‍ തന്നെ പിരിച്ചുവിട്ടെന്ന ആരോപണവുമായി സതിയമ്മ തന്നെ രംഗത്ത് വന്നിരുന്നു. യുഡിഎഫ് നേതാക്കള്‍ ഇത് ഏറ്റെടുക്കുകയും പരസ്യ പ്രതിഷേധങ്ങളുമായി രംഗത്ത് വരികയും ചെയ്തിരുന്നു.