ചെറുവത്തൂര്‍: ചീമേനി എന്‍ജിനിയറിങ് കോളേജിന് എ ഗ്രേഡോടെ നാക് അംഗീകാരം ലഭിച്ചു. അക്കാദമിക് രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്ന കോളേജിനുള്ള അംഗീകാരമാണിത്. കോളേജിന്റെ സെക്കന്‍ഡ് സൈക്കിള്‍ അപേക്ഷ പരിഗണിച്ച നാഷണല്‍ അസസ്മെന്റ് ആന്‍ഡ് അക്രെഡിറ്റേഷന്‍ സംഘം കോളേജിനെക്കുറിച്ച് വിശദമായ പരിശോധനയും വിലയിരുത്തലും നടത്തിയിരുന്നു. വിവിധ വകുപ്പുകള്‍, സെന്‍ട്രല്‍ ലൈബ്രറി, കോളേജ് കാന്റീന്‍, വനിതാ ഹോസ്റ്റല്‍, വര്‍ക്ക് ഷോപ്പുകള്‍, ലബോറട്ടറികള്‍ എന്നിവ സംഘം പരിശോധിച്ചു. ഹരിത കാമ്പസ്, ഗ്രീന്‍ ഓഡിറ്റിങ്, പൊതിച്ചോര്‍ വിതരണം എന്നിവയ്‌ക്കൊപ്പം സാമൂഹികരംഗത്തെ ഇടപെടലുകളും പരിഗണിച്ചാണ് അംഗീകാരത്തിനായി തിരഞ്ഞെടുത്തത്. നേരത്തേ കേന്ദ്രസര്‍ക്കാരിന്റെ അധീനതയിലുള്ള എം.എച്ച്.ആര്‍.ഡി.യുടെ 10 കോടി രൂപ, ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍, നാക് അക്രഡിറ്റേഷന്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഡിപ്പാര്‍ട്മെന്റിന് എന്‍.ബി.എ. അംഗീകാരം എന്നിവയും ലഭിച്ചിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ ഡോ. വിനോദ് പൊട്ടക്കുളത്ത്, ഡോ. എ.കെ. നവീന, ഡോ. വി.വി. മഹേഷ്, കെ. അനില്‍, എം.വി. മുരളി, പി.പി. പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.