ലഹരി ഉപയോഗം കുടുംബ ജീവിതത്തെ ശിഥിലമാക്കുന്നു; സംയുക്ത ബോധവത്ക്കരണത്തിനൊരുങ്ങി വനിതാ കമ്മീഷന്‍

കാസര്‍കോട്: യുവാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും സൈബര്‍ കുറ്റകൃത്യങ്ങളും കുടുംബജീവിതത്തെ ശിഥിലമാക്കുന്നുവെന്നും പോലീസും എക്സൈസും തദ്ദേശ സ്ഥാപനങ്ങളും ജാഗ്രതാ സമിതിയും ചേര്‍ന്ന് ജനങ്ങള്‍ക്കിടയില്‍ ബോധവത്ക്കരണം നല്‍കുമെന്നും വനിതാകമ്മീഷന്‍ അംഗം അഡ്വ.പി. കുഞ്ഞയിഷ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 30-40 വയസ്സുകള്‍ക്കിടയിലുള്ള യുവാക്കള്‍ക്കിടയില്‍ വിവാഹ ബന്ധം വേര്‍പിരിയുന്നത് വര്‍ധിച്ചു വരികയാണ്. ഇവര്‍ക്കിടയില്‍ ഗാര്‍ഹിക പീഢനവും സൈബര്‍ കുറ്റ കൃത്യങ്ങളും വര്‍ധിക്കുന്നു. കുടുംബ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനു മുന്‍പേ പരിഹാരം കണ്ടെത്തുന്നതിന് ജാഗ്രതാ സമിതികള്‍ക്കുള്ള പരിശീലനം നടന്നു വരികയാണെന്നും കമ്മീഷന്‍ അംഗം പറഞ്ഞു. തിങ്കളാഴ്ച നടന്ന സിറ്റിങ്ങില്‍ ഗാര്‍ഹിക പീഡനം, വഴി തര്‍ക്കം, സൈബര്‍ കുറ്റകൃത്യങ്ങള്‍, ഡി.എന്‍.എ ടെസ്റ്റ് നടത്തുന്നതിന് നിയമ സഹായം തുടങ്ങിയ വിഷയങ്ങളാണ് ഇന്നത്തെ സിറ്റിങില്‍ വിഷയമായതെന്ന് കമ്മീഷന്‍ അംഗം പി. കുഞ്ഞയിഷ പറഞ്ഞു. 21 പരാതികള്‍ പരിഗണിച്ചു. ആറ് പരാതികള്‍ തീര്‍പ്പാക്കി. 15 പരാതികള്‍ അടുത്ത സിറ്റിങിലേക്ക് മാറ്റിവെച്ചു. അഡ്വ. ഇന്ദിരാവതി, വനിതാ സെല്‍ എസ്.എച്ച്.ഒ വി.സീത, എ.എസ്.ഐ പി.ജെ.സക്കീന, ഫാമിലി കൗണ്‍സിലര്‍ രമ്യമോള്‍, കമ്മീഷന്‍ ഉദ്യോഗസ്ഥരായ ബൈജു ശ്രീധരന്‍, പി.ശ്രീജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page