ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ പ്രണയത്തിന് കൂട്ടുനിന്നുവെന്നാരോപിച്ച്് മുസ്ലീം ദമ്പതികളെ അയല്‍വാസികള്‍ തല്ലിക്കൊന്നു. ദമ്പതികളുടെ മകന് ഹിന്ദു പെണ്‍കുട്ടിയുമായുണ്ടായ ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ്. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി.
വെള്ളിയാഴ്ചയാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണം നടന്നത്. ഇരുമ്പുവടിയും കമ്പുവടികളും ഉപയോഗിച്ചുള്ള ആക്രമണത്തില്‍ അബ്ബാസും ഭാര്യ കമറുള്‍ നിഷയും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. കൊല്ലപ്പെട്ട ദമ്പതികളുടെ മകന്‍ ഷൗക്കത്ത് മുഖ്യപ്രതി രാംപാലിന്റെ മകള്‍ റൂബിയുമായി പ്രണയത്തിലായിരുന്നു. 2020-ല്‍ ഇരുവരും ഒളിച്ചോടി. എന്നാല്‍ അന്ന് റൂബിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് കേസെടുത്ത് ഷൗക്കത്തിനെ ശിക്ഷിച്ചു. ജൂണില്‍ ജയില്‍ മോചിതനായ ഷൗക്കത്ത് വീണ്ടും റൂബിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു. ഇതേത്തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ദമ്പതികളെ കൊലപ്പെടുത്താന്‍ കാരണമായതെന്നും സീതാപൂര്‍ പൊലീസ് സൂപ്രണ്ട് ചക്രേഷ് മിശ്ര പറഞ്ഞു. കേസില്‍ മൂന്ന് പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.