കാസര്‍കോട്: കാസർകോട് കളനാട് റെയില്‍വെ തുരങ്കത്തിനു സമീപത്ത് ട്രാക്കില്‍ ടോയ്ലറ്റ് ക്ലോസറ്റും കല്ലുകളും നിരത്തി വച്ച് ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. റെയില്‍വെ നിയമം 150-എ പ്രകാരം രജിസ്റ്റര്‍ ചെയ്‌ത കേസ് ബേക്കല്‍ ഡിവൈ.എസ്.പി സി.കെ.സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മേല്‍നോട്ടം വഹിക്കുന്നത്. കഴിഞ്ഞ ദിവസം ഉച്ചയോടെ കളനാട് റെയില്‍വെ തുരങ്കത്തില്‍ നിന്നു 50 മീറ്റര്‍ തെക്കു മാറിയാണ് ട്രാക്കില്‍ അട്ടിമറിശ്രമം നടന്നത്. കോയമ്പത്തൂര്‍-മംഗ്‌ളൂരു ഇന്റര്‍സിറ്റി എക്‌സ്‌പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിനിടയിലായിരുന്നു സംഭവം.
വിവരമറിഞ്ഞ് റെയില്‍വെ പൊലീസ് മേല്‍പ്പറമ്പ് പൊലീസ്, വിവിധ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി. പ്രാഥമിക അന്വേഷണത്തില്‍ കുട്ടികളാണ് സംഭവത്തിനു പിന്നിലെന്നാണ് പ്രാഥമിക സംശയം. അട്ടിമറി ശ്രമം നടന്ന സ്ഥലത്തിനു സമീപത്തെ ഒരു വീട്ടില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് കുട്ടികളെന്നും സൂചനയുണ്ട്. അതേസയമം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യം സ്ഥിരീകരിക്കുവാനാകില്ലെന്ന നിലപാടിലാണ് അധികൃതര്‍. കൂടുതല്‍ അന്വേഷണത്തിനായി വരും ദിവസങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥര്‍ എത്തുമെന്നാണ് സൂചന. സംസ്ഥാന പൊലീസ് ഇന്റലിജന്‍സ് കോഴിക്കോട് റേഞ്ച് എസ്.പി ഇന്നു രാവിലെ കാസര്‍കോട്ടെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു.