കാസര്‍കോട്: നീണ്ട കാത്തിരിപ്പിനുശേഷം ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ പരശുറാം എക്സ്പ്രസ് ഈ മാസം 25 മുതല്‍ നിര്‍ത്തി തുടങ്ങും. ഇതുസംബന്ധിച്ചുള്ള ഉത്തരവ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. രാവിലെ 6.22-ന് ചെറുവത്തൂരിലെത്തുന്ന വണ്ടി 6.23-ന് പുറപ്പെടും. ഒരു മിനിറ്റാണ് ചെറുവത്തൂരില്‍ അനുവദിച്ച സമയം. വൈകീട്ട് 7.17 ചെറുവത്തൂരില്‍ എത്തും. 7.18 പുറപ്പെടും. ആദ്യ ദിവസം ആഘോഷമാക്കാന്‍ റെയില്‍വേ വികസന സമിതിയും പാസഞ്ചേഴ്സ് ഫോറവും ഒരുക്കം തുടങ്ങി. ചെറുവത്തൂരിലെയും റെയില്‍വെ സ്റ്റേഷനെ ആശ്രയിക്കുന്നവരുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു ഇത്. ചെറുവത്തൂര്‍ റെയില്‍വെ വികസന സമിതി, പാസഞ്ചേഴ്‌സ് ഫോറം എന്നിവയുടെ നേതൃത്വത്തിലും, ജനപ്രതിനിധികളും വിവിധ സംഘടനകളും ഈ ആവശ്യം വര്‍ഷങ്ങളായി ഉന്നയിച്ചിരുന്നു.
വൈകിട്ട് കോയമ്പത്തൂര്‍-മംഗളൂരു പാസഞ്ചറിനുശേഷം മംഗളൂരു ഭാഗത്തേക്ക് മറ്റൊരു വണ്ടിയില്ലാത്ത സാഹചര്യത്തില്‍ തിരിച്ചുള്ള യാത്രയ്ക്കും ഏറെ സഹായമാകും. ചെറുവത്തൂര്‍, പിലിക്കോട്, വലിയപറമ്പ്, കയ്യൂര്‍-ചീമേനി, പടന്ന, കരിവെള്ളൂര്‍-പെരളം, കാങ്കോല്‍-ആലപ്പടമ്പ് പഞ്ചായത്തുകളിലെ യാത്രക്കാര്‍ ആശ്രയിക്കുന്ന സ്റ്റേഷനാണ് ചെറുവത്തൂര്‍. രാവിലെ കണ്ണൂര്‍, കോഴിക്കോട് ഭാഗത്തേക്ക് സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് ജോലിക്കും ആശുപത്രികളിലേക്കും പോകുന്നവര്‍ക്ക് ആശ്വാസമാകും.