തുംകൂർ: ലൈംഗിക ബന്ധത്തിന് വഴങ്ങാതിരുന്നതിനെ തുടർന്ന് വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ അടക്കം 5 പേർക്കെതിരെ പോക്സോ കേസ് എടുത്ത് കർണാടക പോലീസ്.തുംകൂറിലെ റസിഡൻഷ്യൽ സ്കൂളിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. റസിഡൻഷ്യൽ സ്കൂളിലെ ഹോസ്റ്റലിൽ വച്ച് സഹപാഠികൾ പീഡിപ്പിച്ചെന്നാണ് പരാതി. സിഗററ്റ് വെച്ച് ശരീരം പൊള്ളിച്ചെന്നും ബ്ലേഡും ഇരുമ്പു വടിയും ഉപയോഗിച്ച് ആക്രമിച്ചെന്നും വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു. ഒൻപത്, പത്ത് ക്ലാസുകളിലെ 3 വിദ്യാർത്ഥികളാണ് പീഡനത്തിന് പിന്നിൽ. 5 മാസം മുൻപായിരുന്നു സംഭവം. ആക്രമണത്തിൽ മാനസിക നില തകരാറിലായ വിദ്യാർത്ഥി ബംഗളൂരു നിംഹാൻസ് ആശുപത്രിയിൽ ഒരു മാസത്തിലധികം ചികിത്സ തേടി. ഇതിന് ശേഷം വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ തുംകൂർ വനിതാ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പീഡനം സംബന്ധിച്ച് വിദ്യാർത്ഥി പരാതിപ്പെട്ടിട്ടും ഹോസ്റ്റൽ വാർഡനോ, പ്രിൻസിപ്പലോ നടപടിയെടുത്തില്ലെന്നും രക്ഷിതാക്കൾ ആരോപിക്കുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പരാതിയിൽ നടപടി എടുക്കാത്തതിന് വാർഡനെ ഒന്നാം പ്രതിയും പ്രിൻസിപ്പലിനെ രണ്ടാം പ്രതിയും ആക്കിയാണ് പോക്സോ കേസ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.