ബെംഗളൂരു: തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തിയ ആറ് വയസ്സുകാരിയെ കടിച്ച് കൊന്ന പുലി കെണിയിലായി. കുട്ടിയെ ആക്രമിച്ച അലിപിരി വാക്ക് വെയില്‍ ഏഴാം മൈലിന് അടുത്ത് ആന്ധ്രാ വനംവകുപ്പ് സ്ഥാപിച്ച കെണിയിലാണ് പുലി കുടുങ്ങിയത്. ആദ്യം പുലി കടിച്ചുകൊന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരമെങ്കിലും പിന്നീട് കുട്ടിയെ ആക്രമിച്ചത് കരടിയാണോ എന്ന സംശയമുണ്ടായിരുന്നു. എന്നാല്‍ പുലി തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. സംഭവത്തെ തുടര്‍ന്ന് തിരുപ്പതിയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇനി കുട്ടികളുമായി തീര്‍ത്ഥാടനത്തിന് എത്തുന്നവരെ പുലര്‍ച്ചെ 5 മുതല്‍ ഉച്ചയ്ക്ക് 2 മണി വരെ മാത്രമേ കടത്തി വിടൂ. കാട്ടു മൃഗങ്ങളുടെ ആക്രമണം പതിവായതോടെയാണ് പുതിയ നിര്‍ദ്ദേശം. തിരുപ്പതിയില്‍ തീര്‍ത്ഥാടനത്തിന് എത്തുന്നവരെ നൂറു പേരുള്ള സംഘങ്ങളായി തിരിച്ച് മാത്രം കടത്തി വിടാനും തീരുമാനമായി. ഓരോ നൂറ് പേരുടെ സംഘത്തിനും ഒരു ഫോറസ്റ്റ് ഗാര്‍ഡ് കാവലായി ഉണ്ടാവും. ഒറ്റയ്ക്ക് മല കയറാന്‍ ആരെയും അനുവദിക്കേണ്ടെന്നും തീരുമാനം.
ആന്ധ്ര സ്വദേശി ലക്ഷിത എന്ന ആറ് വയസുകാരിയെയാണ് കഴിഞ്ഞ ദിവസം വൈകിട്ട് അലിപിരി വാക്ക് വേയില്‍ വെച്ച് അച്ഛനമ്മമാര്‍ക്കൊപ്പം നടക്കവേ പുലി ആക്രമിച്ചത്. ലക്ഷിതയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പുലി കുട്ടിയെ കടിച്ചെടുത്ത് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നുവെന്നാണ് പറയുന്നത്. പൊലീസെത്തിയാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തത്. കുട്ടിയെ തിരിച്ചറിയാനാവാത്ത നിലയിലായിരുന്നു. കഴിഞ്ഞ മാസവും തിരുപ്പതിയില്‍ ഒരു കുട്ടിയെ പുലി ആക്രമിച്ചിരുന്നു. കുര്‍ണൂല്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ കൗശിക്കിനെയാണ് അന്ന് പുലി ആക്രമിച്ചത്. രാത്രിയായിരുന്നു ഈ ആക്രമണവും. ഭക്ഷണം കഴിക്കാന്‍ വഴിയരികില്‍ നിന്ന സംഘത്തിലുണ്ടായിരുന്ന കുട്ടിയെ പുലി കടിച്ച് വലിച്ചഴച്ച് കാട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരും ബന്ധുക്കളും ചേര്‍ന്ന് ടോര്‍ച്ച് അടിച്ച് ബഹളം വച്ചതോടെ പുലി ഓടിപ്പോവുകയായിരുന്നു. പരിക്കുകളോടെ കുട്ടി അന്ന് രക്ഷപ്പെട്ടിരുന്നു.