പയ്യന്നൂർ: പയ്യന്നൂരിൽ ക്ഷേത്ര കുളത്തിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ട ഫിഷറീസ് കോളേജ് വിദ്യാർത്ഥി മരിച്ചു. കായംകുളം ചേരാവള്ളി സ്വദേശി ഊട്ടുതറതുണ്ടിൽ നന്ദു കൃഷ്ണ(23)ആണ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. പയ്യന്നൂർ ഫിഷറീസ് കോളേജിൽ ബിഎഫ്എസ് സി വിദ്യാർത്ഥികളായ നന്ദുകൃഷ്ണയും, തിരുവനന്തപുരം സ്വദേശി അശ്വിനുമാണ് പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രകുളത്തിൽ നീന്തുന്നതിനിടെ അപകടത്തിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും ആശുപത്രിയിലേക്ക് കൊണ്ട് പോയത്. അബോധാവസ്ഥയിലായ നന്ദു മരിക്കുകയായിരുന്നു.ഞായറാഴ്ച വൈകിട്ട് 6.30 ഓടെയാണ് അപകടമുണ്ടായത്. നന്ദു കൃഷ്ണയുടെ മരണത്തിൽ അനുശോചിച്ച് ഫിഷറീസ് കോളേജ് ക്യാംപസിൽ ഒരാഴ്ച ദു:ഖം ആചരിക്കാൻ വൈസ് ചാൻസലർ നിർദേശം നൽകി.