ന്യൂഡല്‍ഹി: പ്രൈമറി തലത്തിലുള്ള അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തി 2018 ജൂണ്‍ 28ന് പുറപ്പെടുവിച്ച നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ)വിജ്ഞാപനം സുപ്രീം കോടതി റദ്ദാക്കി. പ്രൈമറിക്ലാസുകളിലെ അധ്യാപന യോഗ്യതയായി ബി.എഡ് ഉള്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നു സുപ്രീം കോടതി വിമര്‍ശിച്ചു.
പ്രൈമറി അധ്യാപകരാകാന്‍ ബി.എഡ് ബിരുദമുള്ളവര്‍ യോഗ്യരല്ലെന്ന രാജസ്ഥാന്‍ ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീം കോടതി നടപടി. ജസ്റ്റിസ് അനിരുദ്ധ ബോസ്, ജസ്റ്റിസ് സുധാന്‍ഷു ധൂലിയ എന്നിവരടങ്ങുന്ന ബെഞ്ച് ആണ് കേസ് നിരീക്ഷിച്ചത്. പ്രൈമറി സ്‌കൂള്‍ കുട്ടികളെ പഠിപ്പിക്കുന്നതിന് ആവശ്യമായ ബോധന ശാസ്ത്രം ബി.എഡ് അധ്യാപകര്‍ നേടുന്നില്ല എന്നതിനാല്‍ പ്രൈമറി സ്‌കൂള്‍കള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാന്‍ ബി.എഡ് അധ്യാപകര്‍ക്കാവില്ലെന്നും അധികയോഗ്യത എന്നത് ഗുണനിലവാരമുള്ള വിദ്യാഭ്യാസം എന്നതിനര്‍ത്ഥമില്ലെന്നും കോടതി വ്യക്തമാക്കി. പ്രാഥമിക വിദ്യാഭ്യാസം നല്ല നിലവാരമുള്ളതായിരിക്കണം, അല്ലാതെ ഒരു ആചാരമോ ഔപചാരികമോ മാത്രമല്ലെന്നും കോടതി ഊന്നിപ്പറഞ്ഞു. ബി.എഡ് എന്നത് പ്രൈമറി ക്ലാസുകളിലെ പ്രൈമറി തലത്തില്‍ പഠിപ്പിക്കുന്നതിനുള്ള ഒരു യോഗ്യതയല്ല, പ്രൈമറി ക്ലാസുകളുടെ പശ്ചാത്തലത്തില്‍ മെച്ചപ്പെട്ടതോ ഉയര്‍ന്നതോ ആയ യോഗ്യതയാണ്. പ്രൈമറി ക്ലാസുകളില്‍ നിയമിക്കപ്പെടുന്ന ബി.എഡ് യോഗ്യതയുള്ള എല്ലാ അധ്യാപകരും രണ്ട് വര്‍ഷത്തിനുള്ളില്‍ ബോധനശാസ്ത്ര കോഴ്‌സിന് വിധേയരാകണമെന്ന എന്‍സിടിഇ നിബന്ധനയിലൂടെ തന്നെ കാര്യം വ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.