വെബ് ഡെസ്ക് : ടിക് ടോക്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിങ്ങനെ സകല സമൂഹിക മാധ്യമങ്ങളും ഇന്ന് വലിയ വരുമാന മാര്‍ഗമാണ്. ചെറിയ വീഡിയോകള്‍ ചെയ്ത് പതിനായിരങ്ങളും ലക്ഷങ്ങളുമാണ് ഓരോ ‘കണ്ടൻറ് ക്രിയേറ്റേഴ്സ്’ എന്ന ഉള്ളടക്കം സ്രഷ്‌ടിക്കുന്നവർ സമ്പാദിക്കുന്നത്.എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിന് ഖത്തർ ലൈസൻസ് നിർബന്ധമാക്കിയിരിക്കുക്കയാണ്. പണമടച്ചുള്ള പ്രമോഷനുകളും പിആർ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റേഴ്സിനിടയില്‍ സജീവമാണ്. ഇത്തരത്തിൽ പണം വാങ്ങി വ്ലോഗിംഗോ മറ്റ് സോഷ്യല്‍ മീഡിയ കണ്ടന്റുകളോ ചെയ്യുന്നവർ ലൈസന്സ് എടുക്കണമെന്ന് സാംസ്കാരിക മന്ത്രാലയം നിര്‍ദ്ദേശിച്ചു. പേഴ്‌സണൽ ഫൗണ്ടേഷൻ എന്ന ലേബലിന് കീഴിലാണ് അവർക്ക് ലൈസൻസ് നൽകിയിരിക്കുന്നത്. 25000 റിയാലാണ് ലൈസൻസ് ഫീസ്. എല്ലാ വർഷവും ലൈസൻസ് പുതുക്കണം. 10000 ഖത്തർ റിയാലാണ് ലൈസൻസ് പുതുക്കൽ ഫീസ്. നിയമം കർശനമാക്കുന്നതിന്റെ ഭാഗമായി അക്കൗണ്ട് മരവിപ്പിക്കൽ ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചതായി വാർത്ത റിപ്പോർട്ട് ചെയ്ത ദോഹ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. സാംസ്കാരിക മന്ത്രാലയത്തിന്റെ ഉപയോക്തൃ ഗൈഡ് അനുസരിച്ച്, ഖത്തർ പൗരന്മാർക്ക് മാത്രമേ സ്വന്തം പേരിൽ ലൈസൻസ് ലഭിക്കൂ. മറ്റുള്ളവർ സ്ഥാപനങ്ങളുടെയോ സ്പോൺസർമാരുടെയോ പേരിൽ അപേക്ഷിക്കണം. സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കം സൃഷ്ടിക്കുന്നതിനും പണം നൽകുന്നതിനും നിയമസാധുത നൽകുന്നതിന്റെ ഭാഗമായാണ് നിയമം ശക്തിപ്പെടുത്തുന്നത്. പല കോണുകളിൽ നിന്നും പരാതികൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലും ലൈസൻസ് നിര്‍ബന്ധമാക്കുമോ എന്നാണ് ഇന്ത്യൻ ക്രിയേറ്റർമാര്‍ ഉറ്റു നോക്കുന്നത്.