ഡല്‍ഹി: ഇന്ത്യന്‍ ക്രിമിനല്‍ നിയമങ്ങളില്‍ അടിമുടി മാറ്റം കൊണ്ടുവരുന്ന ബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചാല്‍ വധശിക്ഷ, കൂട്ടബലാത്സഘത്തിനു 20വര്‍ഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
സിആര്‍പിസി യില്‍ 313 ഭേദഗതികളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. 1860 മുതല്‍ 2023 വരെ രാജ്യത്തെ ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ മാറ്റം. പുതിയ ബില്ലുകള്‍ പ്രകാരം ദ്രോഹനിയമം ഉണ്ടാവില്ലെന്ന് അമിത് ഷാ പാര്‍ലമെന്റിനെ അറിയിച്ചു.
ആള്‍ക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷയും ആള്‍ക്കൂട്ട ആക്രമണത്തിന് കുറഞ്ഞത് 7 വര്‍ഷം തടവും പീഡനകുറ്റത്തിന് കുറഞ്ഞത് 10 വര്‍ഷം തടവും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.
കേസുകളില്‍ ശിക്ഷാ അനുപാതം 90 ശതമാനത്തിന് മുകളില്‍ എത്തിക്കുകയാണ് ലക്ഷ്യം. ഏഴുവര്‍ഷത്തില്‍ കൂടുതല്‍ തടവുശിക്ഷയുള്ള കേസുകളില്‍ കുറ്റകൃത്യം നടന്ന സ്ഥലത്ത് ഫോറന്‍സിക് സംഘത്തിന്റെ പരിശോധന ഉറപ്പാക്കും. ആള്‍ക്കൂട്ട കൊലപാതകത്തിന് വധശിക്ഷ നല്‍കുന്ന നിബന്ധന പുതിയ നിയമങ്ങളിലുണ്ട്. ഐപിസിയില്‍ 511 വകുപ്പുകളാണ് ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 വകുപ്പുകളായിരിക്കും ഉണ്ടാവുക. 175 വകുപ്പുകള്‍ ഭേദഗതി ചെയ്യും.