സംസ്ഥാന കാര്‍ഷിക അവാര്‍ഡ് നിറവില്‍ എസ് ഗോപാലകൃഷ്ണ ശര്‍മ്മ, അവാര്‍ഡിന് അര്‍ഹമാക്കിയത് കരുമുളക് മെതി യന്ത്രം

കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കാര്‍ഷിക അവാര്‍ഡ് നേടിയ സന്തോഷത്തിലാണ് എന്‍മകജെ പഡ്രേ സ്വദേശി സരവൂ ഹൗസില്‍ എസ് ഗോപാലകൃഷ്ണ ശര്‍മ്മ. കാര്‍ഷിക മേഖലയ്ക്കും കര്‍ഷകര്‍ക്കും ഉപകാരപെടുന്ന കുരുമുളക് മെതി യന്ത്രം കണ്ടുപിടിച്ചതിനാണ് ഗോപാലകൃഷ്ണ ശര്‍മ്മയെ അവാര്‍ഡിന് അര്‍ഹമാക്കിയത്. അരലക്ഷംരൂപയും പ്രശസ്തിഫലകവും സര്‍ട്ടിഫിക്കറ്റുമടങ്ങിയതാണ് അവാര്‍ഡ്. കുരുമുളക് മെതിക്കാനായി ആളെ കിട്ടാതെ ബുദ്ധിമുട്ടിയപ്പോഴാണ് മെതിക്കാനുള്ള യന്ത്രത്തെ കുറിച്ച് ആലോചിച്ചത്. 2010 ല്‍ മൈസൂരിലും സൂറത്തിലും നടന്ന ദേശീയ കാര്‍ഷിക യന്ത്രോപകരണ കണ്ടുപിടുത്ത യോഗങ്ങളില്‍ പങ്കെടുക്കാന്‍ ശര്‍മ്മയ്ക്ക് അവസരം ലഭിച്ചിരുന്നു. അങ്ങനെ 2012 ല്‍ ശര്‍മ്മ സ്വന്തമായി കുരുമുളക് മെതിയന്ത്രം നിര്‍മിച്ചു. നാലുവര്‍ഷത്തെ പരിശ്രമത്തിന് ശേഷം ഇത് റെയ്ഡ്‌കോയുടെ സഹായത്തോടെ കര്‍ഷകര്‍ക്കായി വിന്‍പെപ്ട് എന്ന പേരില്‍ വിപണിയിലെത്തിച്ചു. ഇരുപതിനായിരം രൂപയാണ് യന്ത്രത്തിന്റെ വില. ഈ കണ്ടുപിടുത്തത്തിന് 2020 ലും 2021 ലും ഇന്ത്യന്‍ കാര്‍ഷീക ഗവേഷണ കൗണ്‍സിന്റെ അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഹൈദരാബാദിലെ നാഷണല്‍ അഗ്രികള്‍ച്ചര്‍ റിസര്‍ച്ച് കേന്ദ്രം ശര്‍മ്മയുടെ കണ്ടുപിടിത്തത്തെ ദേശീയ അവാര്‍ഡ് നല്‍കി അനുമോദിച്ചിരുന്നു. കാര്‍ഷിക രംഗത്തെ കണ്ടുപിടിത്തങ്ങള്‍ക്കൊപ്പം കാര്‍ഷിക രംഗത്തും ഗോപാലകൃഷ്ണ ശര്‍മ്മയും കുടുംബവും വ്യാപൃതരാണ്. തെങ്ങ്, അടയ്ക്ക, കുരുമുളക്, വാഴ, റബ്ബര്‍ എന്നിവ മികച്ച രീതിയില്‍ അദ്ദേഹം കൃഷി ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page