നീലേശ്വരം : കളിമൺ നിർമ്മാണ രംഗത്ത് പേരുകേട്ട എരിക്കുളത്തെ കളിമണ്‍ ഉൽപ്പന്നങ്ങൾ ഇനി ഭൗമസൂചികാ പദവിയിലേക്ക്. ഭൗമസൂചികാ പദവി ലഭ്യമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.സജിത് കുമാര്‍, നബാര്‍ഡ് എ.ജി.എം കെ.ബി.ദിവ്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം എരിക്കുളത്ത് സന്ദര്‍ശനം നടത്തി. കളിമണ്‍ പാടങ്ങളും കളിമണ്‍ ഉത്പന്ന നിര്‍മാണ രീതിയും പരിശോധിച്ചു. നബാര്‍ഡിന്റെ അംഗീകാരത്തിനായി റിപ്പോര്‍ട്ട് ഉടന്‍ കൈമാറും. ഭൗമ സൂചിക പദവി നേടുന്നതിന് വിവിധ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. നബാര്‍ഡ് ആണ് ഇതിന്റെ സാമ്പത്തിക സഹായം നല്‍കുന്നത്. കളിമൺ ഉത്പന്നങ്ങളുടെ നിര്‍മാണത്തിലൂടെയാണ് മടിക്കൈ പഞ്ചായത്തിലെ എരിക്കുളം കേരളത്തിന് പരിചിതമാകുന്നത്. കാലങ്ങളായി കൈമാറിവരുന്ന കുലത്തൊഴില്‍. നെല്‍കൃഷിയും പച്ചക്കറി കൃഷിയും കഴിഞ്ഞ് കളിമണ്‍ കുഴിച്ചെടുക്കും. പിന്നെ കുഴച്ച് ചക്രത്തിലിട്ട് കരവിരുതില്‍ വിരിയുന്ന വിവിധ രൂപാന്തരങ്ങള്‍. എരിയുന്ന തീച്ചൂളയില്‍ നിന്നെടുക്കുന്ന ഉത്പന്നങ്ങള്‍ ഒരു ജനതയുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്. പതിറ്റാണ്ടുകളായി എരിക്കുളത്തെ നാന്നൂറോളം കുടുംബങ്ങളുടെ ഉപജീവനം നിര്‍ണയിക്കുന്നത് ഈ കളിമണ്‍ ഉത്പന്നങ്ങളാണ്. നേടിക്കൊടുക്കുന്നതിനൊപ്പം ഇവിടുത്തെ സാംസ്‌കാരിക പിന്തുടര്‍ച്ച കൂടിയാണ്.
ജില്ലയില്‍ ആദ്യമായി ഭൗമസൂചിക പദവി കാസര്‍കോട് സാരിക്ക് ആണ് ലഭിച്ചത്. 1938ല്‍ ഉത്പാദനം തുടങ്ങിയ കാസര്‍കോട് സാരിക്ക് 2011ലാണ് ഭൗമസൂചികാ പദവി ലഭിച്ചത്.