തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ബാലുശ്ശേരി എംഎല്‍എ കെ എം സച്ചിന്‍ ദേവിനും പെണ്‍കുഞ്ഞ്. തിരുവനന്തപുരം എസ്.എടി ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് ആര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായിരിക്കെയും പൊതുപരിപാടികളിലും ജോലിനിര്‍വഹണത്തിലും ആര്യ സജീവമായിരുന്നു. വെള്ളിയാഴ്ചത്തെ കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് ആര്യ ശനിയാഴ്ച ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. 2022 സെപ്തംബര്‍ നാലിനായിരുന്നു ഇരുവരും തിരുവനന്തപുരത്തു എകെജി ഹാളില്‍ നടന്ന ലളിതമായ ചടങ്ങില്‍ വിവാഹിതരായത്. അടുത്ത ബന്ധുക്കളും നേതാക്കളും പങ്കെടുത്ത ചടങ്ങിയിലായിരുന്നു വിവാഹം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണ് സച്ചിന്‍ ദേവ്. തിരുവനന്തപുരം ഓള്‍ സെയ്ന്റ്സ് കോളേജില്‍ ബി.എസ്.സിക്ക് പഠിക്കുമ്പോഴാണ് ആര്യ രാജേന്ദ്രന്‍ മേയറായി ചുമതലയേറ്റത്. ഇംഗ്ലീഷ് സാഹിത്യത്തിലും നിയമത്തിലും ബിരുദധാരിയാണ് സച്ചിന്‍ ദേവ്.