നിങ്ങള്‍ക്ക് കഴുത്ത് വേദനയുണ്ടോ? ഭക്ഷണം കഴിച്ച് ഇറക്കുമ്പോള്‍ കഴുത്തില്‍ എന്തെങ്കിലും തടയുന്നത് പോലെ തോന്നുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കണം. ഇത് ക്യാന്‍സര്‍ രോഗ ലക്ഷണങ്ങള്‍ ആവാം.
ഇന്ത്യയിലെ ഒരു വലിയ പൊതുജനാരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണ് തലയിലും കഴുത്തിലുമുള്ള ക്യാന്‍സര്‍. ഏറ്റവും സാധാരണയായി കണ്ടു വരുന്ന ക്യാന്‍സറുകളില്‍ ആറാമത്തെ സ്ഥാനമാണ് ഇതിന് ഉള്ളത് എങ്കിലും, ഇതിന്റെ 57.5 ശതമാനം കേസുകളും രേഖപ്പെടുത്തിയിരിക്കുന്നത് ഏഷ്യയിലാണ്, പ്രത്യേകിച്ച് ഇന്ത്യയില്‍. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സറിന്റെ അഭിപ്രായത്തില്‍, 2040 ആകുമ്പോഴേക്കും രോഗികളുടെ എണ്ണത്തില്‍ 50-60 ശതമാനം വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു.
ഈ ക്യാന്‍സര്‍ നമ്മുടെ പുരുഷ ജനസംഖ്യയില്‍ ഏറ്റവും സാധാരണമാണ്, സ്ത്രീകളില്‍ നാലാമതും. അറുപതുകളിലും എഴുപതുകളിലും ഉള്ളവരെയാണ് കൂടുതലായി ഈ രോഗം ബാധിക്കുന്നത് എങ്കിലും, 20-50 വയസ്സിനിടയില്‍ ഉള്ളവര്‍ക്ക് 24.2% – 33.5% രോഗ വര്‍ദ്ധനവ് പ്രവചിക്കപ്പെട്ടിട്ടുണ്ട്. പ്രധാനമായും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി, വര്‍ദ്ധിച്ച ആയുര്‍ദൈര്‍ഘ്യം, പുകയിലയോടും മദ്യത്തിനോടുമുള്ള ആസക്തി എന്നിവയാണ് തലയിലും കഴുത്തിലുമുള്ള ക്യാന്‍സര്‍ കൂടുന്നതിന് കാരണം.
ഇന്ത്യയില്‍, നിര്‍ഭാഗ്യവശാല്‍, 60-70 ശതമാനം രോഗികളും രോഗം തിരിച്ചറിയുന്നത് അവസാന ഘട്ടത്തിലാണ്, അതിന്റെ അനന്തരഫലമായി മിക്കവര്‍ക്കും ചികിത്സ ലഭിച്ചാലും, തലയ്ക്കും കഴുത്തിനും രൂപഭേദം ഉണ്ടായേക്കാം.
ഭക്ഷണത്തില്‍ വിറ്റാമിന്‍ എ, സി, ഇ, അയേണ്‍, സെലിനിയം, സിങ്ക് എന്നിവയുടെ കുറവും രോഗ കാരണമാവാം. ഉയര്‍ന്ന ഉപ്പ് അടങ്ങിയ ഭക്ഷണം, ഗ്രില്‍ ചെയ്ത മാംസം, ശീതീകരിച്ചതും സംസ്‌കരിച്ചതുമായ ഭക്ഷണസാധനങ്ങള്‍ എന്നിവയുടെ വര്‍ദ്ധനവ് മറ്റ് അറിയപ്പെടുന്ന കാരണങ്ങളാണ്. വായു മലിനീകരണം, അമിതമായ സൂര്യപ്രകാശം, കൂടാതെ വൈറസുകളായ എച്ച്.പി.വി, ഇ.ബി.വി, ഹെര്‍പ്പസ്, എച്ച്.ഐ.വി എന്നിവയും മറ്റ് രോഗകാരണ ഘടകങ്ങളാണ്.
ഉണങ്ങാത്ത അള്‍സര്‍, അവയുടെ അസാധാരണ വളര്‍ച്ച, ശബ്ദം മാറുന്നത്, ഭക്ഷണം വിഴുങ്ങുന്നതിനുള്ള ബുദ്ധിമുട്ട് എന്നിവ ചില ലക്ഷണങ്ങളാണ്. തലയും കഴുത്തും പരിശോധിക്കാന്‍ എളുപ്പമാണെങ്കിലും, മൂന്നില്‍ രണ്ട് രോഗികളും വളരെ വൈകിയാണ് രോഗം തിരിച്ചറിയുന്നത്. രോഗ നിര്‍ണ്ണയത്തിന് 73 ദിവസം മുതല്‍ 6.5 മാസം വരെ കാലതാമസം പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. രോഗത്തെക്കുറിച്ചുള്ള ഭയം, അറിവില്ലായ്മ, ആരോഗ്യപരിരക്ഷയിലേക്കുള്ള പരിമിതമായ പ്രവേശനം, സാമ്പത്തിക ഞെരുക്കം എന്നിവയെല്ലാം കാലതാമസത്തിനുള്ള കാരണങ്ങളാണ്.
മുഖത്തിന്റെ വൈകല്യം, സംസാരിക്കാനുള്ള പരിമിതി, വിട്ടുമാറാത്ത വേദന, ഭക്ഷണ പരിമിതി, ആത്മാഭിമാനക്കുറവ്, സമപ്രായക്കാരുമായി ഇടപഴകുന്നതിനും മത്സരിക്കുന്നതിനുമുള്ള മടി, തൊഴിലവസരങ്ങളിലെ അവഗണന, എന്നിവ ക്യാന്‍സറിനെ അതിജീവിച്ചവരുടെ കഥകളിലെ പ്രധാന തിരിച്ചടികളായി തുടരുന്നു.
അതിനാല്‍, ഈ രോഗികള്‍ അവരുടെ ചികിത്സയുടെ പാര്‍ശ്വഫലങ്ങളുമായി പോരാടുന്നത് തുടരുമ്പോള്‍ വൈകാരികവും ശാരീരികവും സാമ്പത്തികവുമായ പിന്തുണ അവരുടെ ജീവിതത്തില്‍ ഒരു പ്രധാന ആവശ്യമായി മാറുന്നു. വര്‍ദ്ധിച്ചുവരുന്ന ക്യാന്‍സര്‍ രോഗവും, ക്യാന്‍സര്‍ നിര്‍ണ്ണയത്തിനും പരിചരണത്തിനുമുള്ള പരിമിതമായ അടിസ്ഥാന സൗകര്യങ്ങളും ചികിത്സ കാര്യക്ഷമമാക്കുന്നതിനും അത് കൂടുതല്‍ താങ്ങാനാവുന്നതാക്കി മാറ്റുന്നതിനുമുള്ള ശ്രമങ്ങള്‍ എല്ലാ ഭാഗത്ത് നിന്നും തുടര്‍ന്ന് കൊണ്ടിരിക്കണം.
സമീപകാല ഗവേഷണങ്ങള്‍ ചികിത്സാ ഫലങ്ങള്‍ ഗണ്യമായി മെച്ചപ്പെടുത്തിയിട്ടുണ്ട്. ശസ്ത്രക്രിയകള്‍, അവയവ സംരക്ഷണ സാങ്കേതിക വിദ്യകള്‍, റേഡിയോ തെറാപ്പി, മെഡിക്കല്‍ ഓങ്കോളജി എന്നിവയിലെ പുരോഗതികള്‍ ഈ ക്യാന്‍സറുകളുടെ ചികിത്സയുടെ മൂല്യം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്, അതുവഴി രോഗാവസ്ഥയും മരണനിരക്കും കുറഞ്ഞിട്ടുമുണ്ട്. എന്നാലും സര്‍ക്കാര്‍, ആരോഗ്യ ഇന്‍ഷുറന്‍സ് ഗ്രൂപ്പുകള്‍, എന്‍ജിഓ കള്‍, ആരോഗ്യ സംരക്ഷണ വിദഗ്ധര്‍, ആശുപത്രികള്‍, എല്ലാവരും ഈ രോഗത്തിനെതിരെ കൈകോര്‍ക്കേണ്ടതുണ്ട്.
